Thursday, February 2, 2012

ചൈനയില്‍ മൈക്രോബ്ലോഗിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം

ബെയ്ജിങ് : സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തില്‍ ട്വിറ്റര്‍ പോലുള്ള മൈക്രോബ്ലോഗിങ് വെബ്‌സൈറ്റുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ചൈന കര്‍ക്കശമാക്കി. ഇതിന്റെ ഭാഗമായി ട്വിറ്ററിന് സമാനമായ വെയ്‌ബോ മൈക്രോബ്ലോഗിങ് വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ ശരിയായ പേര് നല്‍കണമെന്ന് വാര്‍ത്താവിതരണ വകുപ്പും പോലീസും സംയുക്തമായി നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ വെയ്‌ബോയിലൂടെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. മൈക്രോബ്ലോഗിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ചെല്ലപ്പേരുകള്‍ ഉപയോഗിക്കാമെന്ന സ്വാതന്ത്ര്യമാണ് പുതിയ നിര്‍ദേശത്തിലൂടെ ഇല്ലാതാകുന്നത്. സ്വന്തം പേരുപയോഗിക്കുന്നതോടെ അനധികൃത ഉള്ളടക്കങ്ങള്‍ വായിക്കുന്നതും മറ്റുള്ളവര്‍ക്ക് നല്‍കുന്നതും നിയമവിരുദ്ധമാകും. രാഷ്ട്രസുരക്ഷയെ ബാധിക്കുന്ന ചര്‍ച്ചകളും ഇത്തരം വെബ്‌സൈറ്റുകളില്‍ സജീവമായതായി ആരോപണമുണ്ട്.


ബെയ്ജിങ്ങില്‍ രജിസ്റ്റര്‍ചെയ്ത 16 ഇന നിയന്ത്രണങ്ങള്‍ ഉടന്‍ പാലിക്കണമെന്നാണ് നിര്‍ദേശം. വെയ്‌ബോയുടെ സേവനങ്ങളായ സിനയും സോഹുവും ഉടന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. സിനയ്ക്ക് ആകെ 20 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. നിലവിലുള്ള ഉപയോക്താക്കള്‍ മൂന്നുമാസത്തിനുള്ളില്‍ ശരിയായ പേര് നല്‍കണം.


തെക്കന്‍ചൈനയിലെ വുകാന്‍ ഗ്രാമത്തില്‍ ഭൂമികൈയേറ്റത്തിനെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് വെയ്‌ബോയില്‍ വന്ന അഭിപ്രായങ്ങള്‍ സെന്‍സര്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ കോടതി നല്ലനടപ്പിന് വിധിച്ച പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗാവോ സിഷെങ്ങിനെ വീണ്ടും ജയിലിലടച്ചു. 2006-ലാണ് കമ്യൂണിസ്റ്റ് ഭരണകൂടം സര്‍ക്കാര്‍വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സിഷെങ്ങിനെ മൂന്നുവര്‍ഷത്തേക്ക് ജയിലിലടച്ചത്. അഞ്ചുവര്‍ഷത്തെ നല്ലനടപ്പിന് വിധിച്ച അദ്ദേഹം നിയമങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് ബെയ്ജിങ്ങിലെ കോടതി ജയിലിലേക്ക് തിരിച്ചയയ്ക്കാന്‍ ഉത്തരവിട്ടത്.

No comments:

Post a Comment