Thursday, February 2, 2012

ഗൂഗിള്‍ പ്ലസില്‍ സ്വന്തമായി പേജുണ്ടാക്കാം

സൗഹൃദത്തെ പറിച്ചു നട്ട് പുതിയ ലോകം സൃഷ്ടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം മുതല്‍ കച്ചവടം വരെ നയാപൈസ ചെലവില്ലാതെ സാധ്യമാകുന്ന സമാന്തര ലോകമാണ് ഫെയ്‌സ്ബുക്ക്. അധികമാരും ശ്രദ്ധിക്കാതെ അമേരിക്കക്കാരന്റെ മാത്രം കുത്തകയായിരുന്ന ഫെയ്‌സ്ബുക്ക് മുല്ലപ്പൂ വിപ്ലവത്തിനു പിന്നിലെ പ്രമുഖ കണ്ണികളിലൊന്നായി പരിണമിക്കുന്നതും നമ്മള്‍ കണ്ടു. നാം ജീവിക്കുന്ന സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഫെയ്‌സ്ബുക്കിനെ എങ്ങനെ അതിജീവിക്കും എന്നതാണ് ഗൂഗിളിന്റെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. ദൈന്യംദിന നെറ്റുജീവിതത്തിന്റെ ഭാഗമാണ് ഗൂഗിളെങ്കിലും ഫെയ്‌സ്ബുക്കിനെ ഉപേക്ഷിച്ച് സമാനസംരംഭമായ ഗൂഗിള്‍ പഌസിനു പിന്നാലെ പോകാന്‍ അധികമാരും തയ്യാറായിട്ടില്ല. ഫെയ്‌സ്ബുക്കിനോടൊപ്പമെത്താനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പ്ലസ്സില്‍ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ പ്രൊഫൈല്‍ എന്നപോലെ സ്ഥാപനത്തിന്റെ പേരിലോ ആശയത്തിന്റെ പേരിലോ വേണമെങ്കില്‍ ഒരാളുടെ പേരിലോ തന്നെ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യം ഫെയ്‌സ്ബുക്കിലുണ്ട്. പിന്തുടര്‍ച്ചക്കാരുമായി സംവദിക്കാനും അവര്‍ക്ക് ഒത്തു ചേരാന്‍ അവസരം നല്‍കിയും മാര്‍ക്കറ്റിങ് സാധ്യതകള്‍ കണ്ടെത്താന്‍ ഇവ സൗകര്യമൊരുക്കും.


ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രംഗത്ത് വന്‍ ഹിറ്റായ അതേ സൗകര്യമാണ് ഗൂഗിള്‍ പ്ലസ്സിലുമവതരിച്ചത്. ഇനിമുതല്‍ തീര്‍ത്തും സൗജന്യമായി ഏത് സംരംഭത്തിനും, ആര്‍ക്കും ഇവിടെ സ്വന്തമായി പേജു തുടങ്ങാം. ഇങ്ങനെ ആരാധകരുടെയും പിന്തുടര്‍ച്ചക്കാരുടെയും വന്‍ സമ്മേളനങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കുപോലെ തങ്ങളും നയാപെസ വാങ്ങില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.


സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് രംഗത്ത് പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ ഗൂഗിള്‍ ബസ് വന്‍ പരാജയമായിരുന്നുവെന്ന സമ്മതിച്ച് പിന്‍വലിച്ചത് ഈയിടെയാണ്. എന്നാല്‍, അതേ വഴിയില്‍ രംഗത്തിറക്കിയ ഗൂഗിള്‍ പ്ലസ് ക്ലച്ചുപിടിച്ചതോടെ ജിമെയിലില്‍ നിന്ന് സ്വതന്ത്രമായി ഉടന്‍ സ്വന്തമായ മേല്‍വിലാസത്തിലേക്ക് ഗൂഗിള്‍ പ്ലസ്സ് എത്തും.


സൂപ്പര്‍ഹിറ്റായ ജിമെയിലിന്റെയും ഗൂഗിള്‍ പ്ലസ്സിന്റെയും സാധ്യതകളുപയോഗിച്ച് മാര്‍ക്കറ്റിങ് രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് ഗൂഗിള്‍. മറ്റു വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ ഒരു 'പ്ലസ് ലിങ്ക് ' നല്‍കി ഗൂഗിള്‍ പ്ലസ്സിലെ പേജിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഇതുവഴി മാര്‍ക്കറ്റിങ് മാത്രമല്ല തങ്ങളുടെ കാമ്പയിനിനോട് എത്രപേര്‍ എങ്ങനെയൊക്കെ പ്രതികരിക്കുന്നുവെന്ന വിശകലനവും നടത്താനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.


ഫെയ്‌സ്ബുക്കിന്റെ അത്രവൈവിധ്യമൊന്നും ഗൂഗിള്‍ പ്ലസ്സിനു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഗൂഗിളിന് ജനപ്രിയതയും വിവിധ ഗൂഗിള്‍ സേവനങ്ങളുമടക്കം 'പ്ലസ്സ്' ആയി ഒരു പാടുകാര്യങ്ങളുമുണ്ട്. പുതിയ സാധ്യതകള്‍ ലോകം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന്
കണ്ടറിയാം.

No comments:

Post a Comment