Thursday, February 2, 2012

ഫെയ്‌സ്ബുക്കിന് ഇനി പുതിയ മുഖം


ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന്റെ മുഖംമിനുക്കല്‍ ആരംഭിച്ചു. 2011 സപ്തംബറില്‍ പ്രഖ്യാപിച്ച ടൈംലൈനി (Timeline) ന്റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ 80 കോടി പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം മാറും.

ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി പങ്കിട്ടിട്ടുള്ള വീഡിയോകളും ഫോട്ടോകളും ലിങ്കുകളുമെല്ലാം ഒറ്റ ക്ലിക്കില്‍ മുന്നിലെത്താന്‍ പാകത്തിലുള്ള മാറ്റമാണ് ടൈംലൈന്‍ കൊണ്ടുവരുന്നത്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമായിരിക്കും ടൈംലൈനിലേക്കുള്ള ചുവടുമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു.


ഇതുവരെയുള്ള സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കുക. നിങ്ങള്‍ കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോ, ഏതാനും ദിവസം മാത്രം പ്രൊഫൈലില്‍ കിടക്കും. പുതിയ പോസ്റ്റുകള്‍ വരുന്നതോടെ അത് പ്രൊഫൈലിന്റെ 'അഗാധങ്ങളിലേക്ക്' ആഴ്ന്നു മറയും. എല്ലാവരും അത് മറക്കും. മുമ്പ് പോസ്റ്റു ചെയ്തവയ്ക്ക് എന്തുപറ്റിയെന്നു പോലും പലര്‍ക്കും ഓര്‍മ കാണില്ല.


ഈ ദുരവസ്ഥ മാറ്റാനുദ്ദേശിച്ചുള്ളതാണ് ടൈംലൈന്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒട്ടേറെ പഴയ സ്മരണകളെ പുനര്‍ജനിപ്പിക്കാന്‍ ടൈംലൈന്‍ കാരണമാകുമെന്ന് സാരം. മറവിക്കെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പു പോലെയാകും ടൈംലൈനെന്ന് വിലയിരുത്തപ്പെടുന്നു.


ടൈംലൈന്‍ തുടങ്ങുന്ന വിവരം വ്യാഴാഴ്ച ഒരു
ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. ഒന്നുകില്‍ ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് കാക്കുകയോ, അല്ലെങ്കില്‍ facebook.com/about/timeline നിലെത്തി ടൈംലൈന്‍ പ്രവര്‍ത്തന നിരതമാക്കുകയോ ചെയ്യാമെന്ന് ബ്ലോഗ് പോസ്റ്റ് പറയുന്നു.

നിലവിലുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജില്‍ കാണുക അടുത്തയിടെ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, ടൈംലൈന്‍ വഴിയുണ്ടാവുക സ്‌ക്രാപ്പ്ബുക്ക് പോലുള്ള ഒരു മോണ്ടാഷ് ആയിരിക്കും. ഫെയ്‌സ്ബുക്കില്‍ ഒരു യൂസര്‍ ചേര്‍ന്ന ശേഷമുള്ള ഓരോ മാസത്തെയും, ഓരോ വര്‍ഷത്തെയും ഫോട്ടോകളും ലിങ്കുകളും അപ്‌ഡേറ്റുകളും ചേര്‍ന്നതായിരിക്കും മൊണ്ടാഷ്.


കമ്പനിയുടെ സപ്തംബറില്‍ നടന്ന ഡെവലപ്പര്‍ സമ്മേളനത്തിലാണ്, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 
ടൈംലൈന്‍ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കിട്ട വിവരങ്ങള്‍ വീണ്ടും കണ്ടുപിടിക്കാനുള്ള ഒരു എളുപ്പമാര്‍ഗമാണ് ടൈംലൈനെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു.


പാചകം, സംഗീതാസ്വാദനം, സിനിമകാണല്‍, പുസ്തക വായന തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാഹായിക്കുന്ന സോഷ്യല്‍ ആപ്പ്‌സും കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. യൂസര്‍മാരുടെ സ്വാഭാവവും താത്പര്യങ്ങളും മനസിലാക്കാനും അതിനനുസരിച്ച്, പ്രത്യേക ഗ്രൂപ്പുകളെ ലക്ഷ്യംവെച്ചുള്ള പരസ്യങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും.

മാത്രമല്ല,
'സ്‌പോട്ടിഫൈ' (Spotify) നല്‍കുന്ന ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിങ് സര്‍വീസ് ഫെയ്‌സ്ബുക്കിനുള്ളില്‍ തന്നെ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസമുണ്ടായി. ടിവി പരിപാടികളുടെയും വീഡിയോകളുടെയും ഓണ്‍ലൈന്‍ സ്ട്രീമിങ് ലഭ്യമാക്കാനായി 'നെറ്റ്ഫ്‌ലിക്‌സ്' (Netflix), 'ഹുലു' (Hulu) എന്നീ കമ്പനികളുമായി ഫെയ്‌സ്ബുക്ക് പങ്കാളിത്തം ഉറപ്പിച്ചതായും പ്രഖ്യാപനമുണ്ടായി. ഈ മൂന്ന് സര്‍വീസുകളും ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. ഇത്തരം സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യന്‍ കമ്പനികളുമായി അതിന് ഫെയ്‌സ്ബുക്ക് പങ്കാളിത്തമുണ്ടാക്കേണ്ടി വരും. യാഹൂ, ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് മുതലായവ അവയുടെ ന്യൂസ് ആപ്‌സ് ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പെടുത്തും

സ്വകാര്യതാ ക്രമീകരണങ്ങളിലും, സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനത്തിലുമെല്ലാം പോയ ദിവസങ്ങളില്‍ ഫെയ്ബുക്ക് കാര്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരുന്നു. അവയ്ക്ക് പുറമേയാണ് എഫ് 8 കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പുതിയ മാറ്റങ്ങള്‍. അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമില്ലെങ്കിലും, കെട്ടിലും മട്ടിലും കാഴ്ചയിലും കാര്യമായ മാറ്റം ഫെയ്‌സ്ബുക്കിന് വരുമെന്ന് സാരം.

1 comment:

  1. I am very greatfull to you as you shared this.I am recently developing associate app spotify premium apk mediafire
    that is you may have an interest to seem on that :

    ReplyDelete