Thursday, February 2, 2012

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

റോഡില്‍ നിന്ന് വീട്ടിനുള്ളിലേക്ക് എന്നു പറഞ്ഞതുപോലെയായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ കാര്യം. കാണാത്ത സ്ഥലങ്ങളില്‍ ഓണ്‍ലൈനിലൂടെ 'എത്താനും', ചുറ്റിനും 360 ഡിഗ്രിയില്‍ കറങ്ങി 'കാണാനു'മുള്ള അസുലഭ അവസരമാണ് സ്ട്രീറ്റ് വ്യൂ പദ്ധതി ഒരുക്കുന്നത്. ഇതുവരെ നഗരങ്ങളും ലോകാത്ഭുതങ്ങളുമൊക്കെയായിരുന്നു സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അടുത്തയിടെ ആമസോണ്‍ വനാന്തരങ്ങളും ഗൂഗിള്‍ അതില്‍ പെടുത്തി. ഇപ്പോഴിതാ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉള്ളിലേക്കും സ്ട്രീറ്റ് വ്യൂ എത്തുന്നു.


സ്ഥാപനത്തിനുള്ളിലെ ദൃശ്യങ്ങള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്താനായി ഗൂഗിളും ചില ബിസിനസ് സ്ഥാപനങ്ങളും കരാറിലെത്തിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ട്രീറ്റ് വ്യൂ ടെക്‌നോളജി ഉപയോഗിക്കുന്നത് ആദ്യമായല്ല. 'ഗൂഗിള്‍ ആര്‍ട്ട് പ്രോജക്ട്' (Google Art Project) ആണ് ഉദാഹരണം. 17 പ്രശസ്ത മ്യൂസിയങ്ങള്‍ക്കുള്ളിലെ കാഴ്ചകള്‍ 360 ഡിഗ്രിയില്‍ കാണാനും മനസിലാക്കാനും സഹായിക്കുന്ന പദ്ധതിയാണിത്.


ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവയുടെ വിപണിസാധ്യതകളും ഓണ്‍ലൈന്‍ സാന്നിധ്യവും വര്‍ധിപ്പിക്കാന്‍ സ്ട്രീറ്റ് വ്യൂ പദ്ധതി സഹായിക്കുമെന്നാണ് ഗൂഗിളിന്റെ നിലപാട്. ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളും, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യുസിലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളും മാത്രമേ തുടക്കത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ.


റസ്റ്റോറണ്ടുകള്‍ ഹോട്ടലുകള്‍ കടകള്‍ ജിംനേഷ്യം വാഹന വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള 360 ഡിഗ്രി ദൃശ്യങ്ങളാകും ഉള്‍പ്പെടുത്തുകയെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നാല്‍, വന്‍കിട ബ്രാന്‍ഡുകളുടെ ശാഖകളും ഹോസ്പിറ്റല്‍, അഭിഭാഷകരുടെ ഓഫീസുകള്‍ മുതലായവയും ഇതില്‍ ഉള്‍പ്പെടുത്തില്ല.


സ്ട്രീറ്റ് വ്യൂവിനായുള്ള ഫോട്ടോഷൂട്ടിന് മുമ്പ് ജീവനക്കാര്‍ക്കും കസ്റ്റമേഴ്‌സിനും സ്ഥാപന ഉടമകള്‍ മുന്നറിയിപ്പ് നല്‍കണമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഫിഷ്‌ഐ ലെന്‍സും വൈഡ് ആംഗിള്‍ ലെന്‍സും ഉപയോഗിച്ചെടുക്കുന്ന 360 ഡിഗ്രി ഫോട്ടോകളാണ് ഗൂഗിള്‍ സ്വീകരിക്കുക. സ്ഥാപനഉടമകള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി സ്വന്തംനിലക്ക് അപ്‌ലോഡ് ചെയ്യാനും സാധിക്കും.


നിങ്ങളുടെ സ്ഥാപനത്തിനുള്ളിലെ 360 ഡിഗ്രി ദൃശ്യങ്ങള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തണമെങ്കില്‍, ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ഫോട്ടോകളുടെ ഉടമസ്ഥാവകാശം ഗൂഗിളിനായിരിക്കും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ പക്ഷേ, സ്ഥാപന ഉടമകള്‍ക്ക് അഭ്യര്‍ഥിക്കാം.

No comments:

Post a Comment