Thursday, February 2, 2012

വീഡിയോ എഡിറ്റിങ് @ യൂട്യൂബ്‌

ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വെച്ചുതന്നെ എഡിറ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.


യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ ഉടമകളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വെച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറയ്ക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.


യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം. ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

No comments:

Post a Comment