Thursday, February 2, 2012

ട്വിറ്റര്‍ 'സ്വയം സെന്‍സറിങ്'

ലോകത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സ്വന്തം നിലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം വിലമതിക്കുമ്പോള്‍ തന്നെ, ഓരോ രാജ്യത്തെയും പ്രാദേശിക നിയമങ്ങളുമായി ഒത്തു പാകത്തക്ക വിധമുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

ഒരു രാജ്യത്ത് നിയമപരമായി വിലക്കുള്ള സംഗതിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ആ രാജ്യത്ത് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടില്ല. എന്നാല്‍, അത് മറ്റ് രാജ്യങ്ങളില്‍ കാണാനാകും. ഇത്തരത്തില്‍ സ്വയം സെന്‍സറിങ് ഏര്‍പ്പെടുത്താനുള്ള സങ്കേതം തങ്ങളുടെ പക്കലുണ്ടെന്ന്
ട്വിറ്റര്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറഞ്ഞു.

ഏതെങ്കിലും ഉള്ളടക്ക ഘടകം നീക്കം ചെയ്യാന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍, അത് ട്വിറ്ററില്‍ മുഴുവന്‍ (എല്ലാ രാജ്യത്തും) തടയുന്നതായിരുന്നു രീതി. അതിന് ഇപ്പോള്‍ മാറ്റം വരികയാണെന്ന് ട്വിറ്റര്‍ പറയുന്നു.


ഉദാഹരണത്തിന്, 'നവനാസി ഉള്ളടക്ക'ത്തിന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കുണ്ട്. അത്തരം ഉള്ളടക്കം ആരെങ്കിലും ട്വിറ്ററില്‍ പോസ്റ്റു ചെയ്താല്‍, ഇനി മുതല്‍ അത് ഫ്രാന്‍സിലും ജര്‍മനിയിലും ട്വിറ്റര്‍ നോക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍, മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് അത് കാണാം.


ആശയപ്രകടന സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമായി ഇത് വ്യാഖ്യാനിക്കപ്പെടാമെങ്കിലും, ഇത്തരം ചില്ലറ നിയന്ത്രണങ്ങളില്ലാതെ ചില രാജ്യങ്ങളില്‍ ട്വിറ്ററിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് ബ്ലോഗ് വ്യക്തമാക്കി. ഒരു ട്വീറ്റ് തടയുകയാണെങ്കില്‍, അക്കാര്യം യൂസര്‍മാരെ അറിയിക്കാനുള്ള സംവിധാനവും ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ടുണീഷ്യ, ഈജിപ്ത് തുടങ്ങി ഒട്ടേറെ അറബി രാജ്യങ്ങളില്‍ ഒരുവര്‍ഷം മുമ്പ് അരങ്ങേറിയ ജനകീയ പ്രക്ഷോഭങ്ങളില്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് വലുതാണ്. എന്നാല്‍, പുതിയ നീക്കം സമാനമായ ഭാവി സാധ്യതകള്‍ക്ക് തടയിടുമോ എന്ന് സംശയിക്കുന്നവര്‍ കുറവല്ല.


2011 സപ്തംബറിലെ കണക്കു പ്രകാരം ആഗോളതലത്തില്‍ 10 കോടി യൂസര്‍മാര്‍ ട്വിറ്ററിനുണ്ട്. ചില നീക്കുപോക്കുകള്‍ക്ക് കമ്പനി തയ്യാറായില്ലെങ്കില്‍ ട്വിറ്റര്‍ സേവനം പല രാജ്യങ്ങളും പൂര്‍ണമായും നിരോധിക്കുമെന്ന കാര്യം സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ഡെമോക്രസിയിലെ സിന്തിയ വോങ് ചൂണ്ടിക്കാട്ടുന്നു.


'അഭിപ്രായസ്വാതന്ത്ര്യത്തിന് എന്താണ് നല്ലത് എന്നതാണ് ചോദ്യം. ചില രാജ്യങ്ങളില്‍ ട്വിറ്റര്‍ പൂര്‍ണമായി നിരോധിക്കുന്നതാണോ?'-അവര്‍ ചോദിക്കുന്നു. ആ നിലയ്ക്ക് ബുദ്ധിപൂര്‍വമായ ഒരു നീക്കമാണ് ട്വിറ്റര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് അവര്‍ വിലയിരുത്തുന്നു.


അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയ സംഗതികളുമായി ബന്ധപ്പെട്ട് വിവിധ ഭരണകൂടങ്ങളും ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികളും തമ്മില്‍ അരങ്ങേറുന്ന സംഘര്‍ഷത്തിന്റെ വെളിച്ചത്തിലാണ് ട്വിറ്റര്‍ പുതിയ പരിഷ്‌ക്കരണം വരുത്തുന്നത്

No comments:

Post a Comment