Thursday, February 2, 2012

ട്രാപ്പിറ്റ്

സെര്‍ച്ച് റിസള്‍ട്ടുകളിലൂടെ ഗൂഗിളും, ഷെയറുചെയ്യപ്പെടുന്ന ലിങ്കുകളിലൂടെ ഫെയ്‌സ്ബുക്കും ട്വിറ്ററും ആധിപത്യം പുലര്‍ത്തുന്ന വെബ്ബ് സെര്‍ച്ച് രംഗത്ത് മാറ്റുരയ്ക്കാന്‍ പുതിയൊരു താരം എത്തിയിരിക്കുന്നു -ട്രാപ്പിറ്റ് (Trapit). വെബ്ബ് സെര്‍ച്ചിനെ കൂടുതല്‍ സ്മാര്‍ട്ടും വ്യക്തിഗതവുമാക്കാന്‍ സഹായിക്കുന്ന ട്രാപ്പിറ്റ് പ്രവര്‍ത്തിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) സങ്കേതത്തിന്റെ പിന്‍ബലത്തിലാണ്.

ആപ്പിളിന്റെ
ഐഫോണ്‍ 4എസില്‍ ഉപയോഗിച്ചിട്ടുള്ള ഡിജിറ്റല്‍ സഹായിയായ 'സിരി'ക്ക് രൂപംനല്‍കിയ സിരി ഇന്റര്‍നാഷണല്‍ എന്ന ഗവേഷണസ്ഥാപനം തന്നെയാണ് ട്രാപ്പിറ്റിന് രൂപംനല്‍കിയതും. ഇത് രണ്ടും കാലോ പദ്ധതിയുടെ സന്താനങ്ങളാണ്.

അമേരിക്കയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ നിര്‍മിതബുദ്ധി പദ്ധതിയാണ് 'കോഗ്നിറ്റീവ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസി'ല്‍ (കാലോ-CALO). യു.എസ്.പ്രതിരോധവകുപ്പിന്റെ ഗവേഷണശാഖയായ 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി' (
DARPA) ഫണ്ട് ചെയ്ത ആ പദ്ധതിയാണത്.

കൂടുതല്‍ മെച്ചപ്പെടുത്തിയ ആര്‍ എസ് എസ് ഫീഡ് പോലെയാണ് ട്രാപ്പിറ്റ്. നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കി സെര്‍ച്ച് ഫലങ്ങളെ വ്യക്തിഗതമാക്കുകയാണ് ട്രാപ്പിറ്റ് ചെയ്യുന്നത്. നിങ്ങളൊരു വിഷയം നിശ്ചയിക്കുക. ബ്ലോഗുകളും മാഗസിന്‍, ന്യൂസ്‌പേപ്പര്‍ സൈറ്റുകളും ഊളിയിട്ട് ആ വിഷയത്തിലെ ഏറ്റവും പുതിയ പ്രസക്തമായ ഫലങ്ങള്‍ ട്രാപ്പിറ്റ് നിങ്ങള്‍ക്ക് മുന്നിലെത്തിക്കും.


നിങ്ങള്‍ വായിക്കുന്നതെന്താണെന്ന് ട്രാപ്പിറ്റ് മനസിലാക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും അതിനോട് പറയാം; തമ്പ്‌സ് അപ്പിലും തമ്പ്‌സ് ഡൗണിലും ക്ലിക്ക് ചെയ്താല്‍ മതി. നിര്‍മിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച് നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ ഫലങ്ങള്‍ ട്രാപ്പിറ്റ് എത്തിക്കും. എന്നുവെച്ചാല്‍, ഒരാള്‍ക്ക് ഹോളിവുഡില്‍ നടക്കുന്ന സിനിമ വ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമ്പോള്‍, മറ്റൊരാള്‍ക്ക് മുന്നിലെത്തുക ഹോളിവുഡിലെ പുതിയ സിനിമകളുടെ വിവരവും, ഇനിയൊരാള്‍ക്ക് ഹോളിവുഡ് ഗോസിപ്പുകളും ആയിരിക്കും.


വായിക്കാനുള്ള സംഗതികള്‍ കണ്ടെത്താന്‍ ഒട്ടേറെപ്പേര്‍ ഏറെ സമയം വെബ്ബില്‍ ചെലവിടുന്നുണ്ട് -ട്രാപ്പിറ്റിന്റെ സ്ഥാപകരായ ഹാന്‍ക് നോഥ്ഹാഫ്റ്റും ഡേവിഡ് ഷായിയറും ചൂണ്ടിക്കാട്ടുന്നു. സെര്‍ച്ച് എഞ്ചിനുകളോ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളോ നല്‍കുന്ന സംഗതികളെക്കാള്‍ വൈപുല്യമേറിയും ആഴത്തിലുള്ളതും താത്പര്യജനകവുമാണ് വെബ്ബെന്ന് നോഥ്ഹാഫ്റ്റ് പറഞ്ഞു. ഒരു സഹായിയെപ്പോലെ 24 മണിക്കൂറും നിങ്ങള്‍ക്കായി നിലകൊള്ളുകയും, ഉള്ളടക്കത്തിനായി മുങ്ങിത്തപ്പുന്നതിന് പകരം, നിങ്ങള്‍ക്ക് താത്പര്യമുള്ള സംഗതികളില്‍ മുഴുകാന്‍ അവസരമൊരുക്കുകയും ചെയ്യുകയാണ് ട്രാപ്പിറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു.


ഗുണമേന്മയുള്ളതെന്ന് നിശ്ചയിക്കപ്പെട്ട ഒരുലക്ഷം വെബ്ബ്‌സൈറ്റുകളില്‍ നിന്നാണ് ട്രാപ്പിറ്റ് ആരംഭിക്കുന്നത്. ഒരു നിശ്ചിത വിഷയവുമായി ബന്ധപ്പട്ട് പ്രസക്തമായ ഉള്ളടക്കം ആ സൈറ്റുകളിലുണ്ടോ എന്ന് ട്രാപ്പിറ്റിന്റെ ആല്‍ഗരിതം പരിശോധിക്കും. സമയം ചെല്ലുന്തോറും പ്രസക്തമായ കൂടുതല്‍ വിഷയങ്ങള്‍ ട്രാപ്പിറ്റ് മനസിലാക്കും.


ട്രാപ്പിറ്റ് ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്ക് അതിലുള്ള ഫീച്ചേര്‍ഡ് ടോപ്പിക്കുകളില്‍ നിന്ന് വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കീവേഡുകളോ വെബ്ബ് വിലാസങ്ങളോ ഉപയോഗിച്ച് ഇഷ്ടവിഷയത്തില്‍ ഉള്ളടക്കം കണ്ടെത്താന്‍ സ്വന്തം 'ട്രാപ്പുകള്‍' സൃഷ്ടിക്കാം. ആ ട്രാപ്പുകള്‍ സേവ് ചെയ്തുകഴിഞ്ഞാല്‍, ഓരോ തവണ ചെല്ലുമ്പോഴും അവയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ കിട്ടും.


വെറും പേജ് ലിങ്കുകള്‍ക്ക് പകരം ഗ്രാഫിക്കുകളുടെ രൂപത്തിലാണ് ആര്‍ട്ടിക്കിളുകള്‍ ട്രാപ്പിറ്റ് പേജില്‍ പ്രത്യക്ഷപ്പെടുക...ആര്‍ട്ടിക്കിളുകളില്‍ ക്ലിക്ക് ചെയ്തു തുറന്ന് വായിക്കുകയോ, പിന്നീട് വായിക്കാനായി മാര്‍ക്ക് ചെയ്യുകയോ ആവാം.


ഇപ്പോള്‍ വെബ്ബിലാണ് ട്രാപ്പിറ്റിന്റെ തുടക്കം. ട്രാപ്പിറ്റിന്റെ ഐപാഡ്, ഐഫോണ്‍ ആപ്പ്‌സ് അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് സ്ഥാപകര്‍ അറിയിച്ചു. മാത്രമല്ല, പുറത്തുള്ള സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ സങ്കേതം പങ്കിടുമെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment