Thursday, February 2, 2012

'ബൗണ്ടി ബഗ്' പദ്ധതിയുമായി ഫെയ്‌സ്ബുക്ക്‌

തങ്ങളുടെ വെബ്‌സൈറ്റിലെ തെറ്റിനെയോ പിഴവിനെയോ പ്രവര്‍ത്തന പരാജയത്തെയോ (ബഗ്) കണ്ടെത്തി അറിയിക്കുന്നവര്‍ക്ക് പണം പ്രതിഫലമായി നല്‍കുന്ന പദ്ധതി ഫെയ്‌സ്ബുക്ക് ആരംഭിച്ചു. ഫെയ്‌സ്ബുക്കിലെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തി ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിക്കുന്ന ഗവേഷകര്‍ക്കാണ് 500 അമേരിക്കന്‍ ഡോളര്‍ മുതല്‍ ആരംഭിക്കുന്ന തുക പ്രതിഫലമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രതിഫലത്തുകയ്ക്ക് പരിധിയുണ്ടാകില്ല.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഫെയ്‌സ്ബുക്കിന്റെ ചില മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ പ്രതിഫലം നല്‍കുകയുള്ളൂ. ബഗ്ഗുകള്‍ സംബന്ധിച്ച ഒരു വിവരവും പുറത്തറിയിക്കില്ലെന്ന കരാര്‍ പാലിച്ചാല്‍ മാത്രമേ പ്രതിഫലം ലഭിക്കൂ. അതേസമയം, ബഗ്ഗുകളെപ്പറ്റി ഫെയ്‌സ്ബുക്കിനെ അറിയിക്കുകയും ഒപ്പം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്ക് പ്രതിഫലത്തിന് അര്‍ഹതയുണ്ടാകില്ല. എന്നാല്‍ ബഗ് കണ്ടെത്തി ഫെയ്‌സ്ബുക്കിനെ അറിയിച്ച് അവര്‍ അത് പരിഹരിച്ചു കഴിഞ്ഞാല്‍ ഈ വിവരം പങ്കുവയ്ക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് പ്രതിഫലം നല്‍കുന്നവരുടെ പേരുവിവരം 'വൈറ്റ്ഹാറ്റ'് പേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.


മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ ബഗ്ഗുകള്‍ കണ്ടെത്തി പരിഹരിക്കുന്നവരെയും മറ്റും 'വൈറ്റ്ഹാറ്റ്' പേജില്‍ ഉള്‍പ്പെടുത്തി അവരെ അംഗീകരിക്കുകയായിരുന്നു പതിവ്. അത്ര കഴിവുള്ളവരാണെങ്കില്‍ അവര്‍ക്ക് ജോലി നല്‍കാനും കമ്പനി മടിച്ചിരുന്നില്ല.


ഇത്തരം ഗവേഷകര്‍ക്കായി ടെസ്റ്റ് അക്കൗണ്ട് തുടങ്ങുവാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് ഒരുക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാനും ഗവേഷര്‍ക്ക് കഴിയും. ബഗ് കണ്ടെത്തി അത് പരിഹരിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പണം നല്‍കുന്ന പദ്ധതി മോസില 2004 ല്‍ ആരംഭിച്ചിരുന്നു. വൈറസ് നിര്‍മിക്കുന്നവര്‍രുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൈക്രോസോഫ്റ്റും മുമ്പ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.

No comments:

Post a Comment