Thursday, February 2, 2012

ഈമെയില്‍ കെണികള്‍ക്കെതിരെ 'അഗാരി'

ഈമെയില്‍ കെണികള്‍ക്കെതിരെ ലോകത്തെ പ്രമുഖ ഈമെയില്‍ സര്‍വീസുകള്‍ കൈകോര്‍ക്കുന്നു. ഈമെയില്‍ വഴി ദുഷ്ടപ്രോഗ്രാമുകള്‍ പടരുന്നത് തടയാനും, പാഴ്‌മെയില്‍ (സ്പാം) ഭീഷണി അമര്‍ച്ച ചെയ്യാനുമായാണ് ഈ കൂട്ടായ്മ.

ഗൂഗിള്‍, മൈക്രോസോഫ്ട്, അമേരിക്ക ഓണ്‍ലൈന്‍ (എ.ഒ.എല്‍), യാഹൂ എന്നീ പ്രമുഖരാണ്, ഈമെയില്‍ സുരക്ഷിതമാക്കാനായി
'അഗാരി' (Agari) എന്ന കമ്പനിയുമായി സഹകരിക്കുന്നത്. ഈ നാലു കമ്പനികളും ബിസിനസ് രംഗത്ത് പരസ്പരം മത്സരത്തിലാണെങ്കിലും, ഈമെയില്‍ സര്‍വീസിന്റെ കാര്യത്തില്‍ ഇവ നേരിടുന്നത് പൊതുവായ പ്രശ്‌നമാണ്.

ഈമെയില്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പാസ്‌വേഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും മറ്റും കവരുന്ന ഏര്‍പ്പാടിന്
'ഫിഷിങ്' (phishing) എന്നാണ് പേര്. ലക്ഷക്കണക്കിന് ഫിഷിങ് ആക്രമണങ്ങളാണ് ഈമെയിലുകളിലൂടെ ദിവസവും നടക്കുന്നത്.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ 'അഗാരി ഈമെയില്‍ ട്രസ്റ്റ് ഫാബ്രിക്' (Agari Email Trust Fabric) എന്ന ഈമെയില്‍ ഓഥന്റിക്കേഷന്‍ ലെയര്‍ ഏര്‍പ്പെടുത്താനാണ് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ തീരുമാനം. ഫിഷിങ് ആക്രമണങ്ങള്‍ പൂര്‍ണമായും തടയാന്‍ അഗാരിക്ക് കഴിയില്ല. എന്നാല്‍, വിശ്വസ്തമായ ഈമെയില്‍ ഡൊമയ്‌നുകള്‍ ദുരുപയോഗം ചെയ്ത് ഫിഷിങ് നടത്തുന്നത് ഏതാണ്ട് പൂര്‍ണമായി തടയാന്‍ സാധിക്കും.


പ്രതിവര്‍ഷം ഫിഷിങ് വഴിയുണ്ടാകുന്ന നഷ്ടം 100 കോടി ഡോളര്‍ വരുമെന്ന്, പഠനങ്ങളെ ഉദ്ധരിച്ച് അഗാരി മേധാവി പാട്രിക് പീറ്റേഴ്‌സണ്‍ പറഞ്ഞു. ധനകാര്യ സര്‍വീസുകളുടെ പ്രവര്‍ത്തനമാണ് ഫിഷിങ് ഏറെ ബാധിക്കുന്നത്. അഗാരിയുടെ സങ്കേതമുപയോഗിച്ച് ഇപ്പോള്‍ ദിവസവും 50 മില്യണ്‍ ഫിഷിങ് സന്ദേശങ്ങള്‍ തടയാന്‍ സാധിക്കുന്നതായി പീറ്റേഴ്‌സണ്‍ അറിയിച്ചു.

No comments:

Post a Comment