Showing posts with label Search engine. Show all posts
Showing posts with label Search engine. Show all posts

Tuesday, February 7, 2012

സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വജ്രായുധം

അടിക്കുമ്പോള്‍ മര്‍മത്തില്‍ വേണം എന്ന് പറയാറുണ്ടല്ലോ. ഐഫോണ്‍ 4 എസിലെ സിരി (Siri) എന്ന സങ്കേതം വഴി ഗൂഗിളിനെതിരെ ആപ്പിള്‍ അതാണ് ചെയ്തിരിക്കുന്നത്. 'സിരിയാണ് സെര്‍ച്ചിന്റെ ഭാവി' എന്നാണ് പുതിയ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍, വെബ്‌സെര്‍ച്ചിന്റെ പര്യായമായ ഗൂഗിളിന്റെ ഭാവിയോ? അവിടെയാണ് ആപ്പിളേല്‍പ്പിച്ചിരിക്കുന്ന ആഘാതമെത്രയെന്ന് വ്യക്തമാവുക.

എന്താണ് സിരി, അതെന്തിന് ഗൂഗിളിന് ഭീഷണിയാകണം-ഇങ്ങനെയൊക്കെയാകാം വായനക്കാരുടെ മനസിലുണരുന്ന സംശയങ്ങള്‍. സംഭവം ഐഫോണ്‍ 4 എസിലെ പുതിയൊരു സര്‍വീസാണ്, ഒരു ഡിജിറ്റല്‍ സഹായി. യഥാര്‍ഥ സഹായി ഒരാള്‍ക്ക് എന്തൊക്കെയാണോ അതുപോലെയാണ് സിരി എന്ന് ആപ്പിള്‍ പറയുന്നു.

മുന്നിലുള്ള വ്യക്തിയോടെന്ന പോലെ നിങ്ങള്‍ക്ക് സിരിയുടെ സഹായത്തോടെ ഐഫോണിനോട് സംസാരിക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം. സംശയമുള്ള കാര്യങ്ങള്‍ ഫോണ്‍ നിങ്ങളോട് തിരിച്ച് ചോദിച്ചു മനസിലാക്കും. എന്നിട്ട് നിങ്ങളുടെ ആവശ്യം നിറവേറ്റും.

ഒരു ഉദാഹരണം നോക്കുക-


നിങ്ങള്‍ ഫോണിനോട് പറയുന്നു : 'എന്റെ സഹോദരന് നാളെ ഒരു ഈമെയില്‍ അയയ്ക്കണം'

ഉടന്‍ വന്നു ഫോണിന്റെ ചോദ്യം : 'ഏത് സഹോദരന്‍'

നിങ്ങളുടെ മറുപടി : 'മൂത്ത സഹോദരന്‍, അരുണിന്'.

ഫോണിന്റെ ചോദ്യം : 'നാളെ ഏത് സമയത്താണ് ഈമെയില്‍ അയയ്‌ക്കേണ്ടത്'.

നിങ്ങളുടെ മറുപടി : 'രണ്ടുമണിക്ക്'

ഫോണിന് കൂടുതല്‍ അറിയണം : 'എന്താണ് വിഷയം'.

എന്താണ് ഈമെയിലിന്റെ ഉള്ളടക്കമെന്ന് പറയുന്നത് ഫോണ്‍ സന്ദേശമായി സൂക്ഷിക്കുന്നു, നാളെ പറഞ്ഞ സമയത്ത് അയയ്ക്കാന്‍!
ഇനി മറ്റൊരു ഉദാഹരണം-

വീട്ടമ്മയായ ലക്ഷ്മി അമേരിക്കയില്‍ കുടിയേറിയിട്ട് കുറെ കാലമായി. കേരളപാചകമൊന്നും വലിയ വശമില്ല. സാമ്പാര്‍ ഉണ്ടാക്കാമെന്ന് ഒരുദിവസം തീരുമാനിച്ചു. ചെറിയ ധാരണയുണ്ട്. പച്ചക്കറികളൊക്കെ എടുത്തുവെച്ചപ്പോള്‍ സംശയമായി, ശരിയാകുമോ. ഉടന്‍ മേശപ്പുറത്തിരുന്ന ഐഫോണ്‍ 4 എസ് എടുത്ത് സിരി ഓണ്‍ ചെയ്തിട്ട് ചോദിച്ചു- 'സാമ്പാറിന് എന്തൊക്കെ വേണം'.


ലക്ഷ്മിയുടെ ചോദ്യത്തിന് സിരി ഒരു മറുചോദ്യമാണുന്നയിച്ചത് - 'പച്ചക്കറിയുടെ കാര്യമോ, മസാലക്കൂട്ടിന്റെ കാര്യമോ'.


മസാലക്കൂട്ട് പ്രശ്‌നമില്ല, സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സാമ്പാര്‍ പൗഡറിന്റെ ബലത്തിലാണ് സാഹസത്തിന് ലക്ഷ്മി ഒരുങ്ങിയത് തന്നെ.


'പച്ചക്കറിയുടെ കാര്യം'-ലക്ഷ്മി മറുപടി നല്‍കി.


'എത്രപേര്‍ക്ക് വേണ്ടിയാണ് സാമ്പാര്‍'-സിരിയുടെ ചോദ്യം വീണ്ടും.


'നാലുപേര്‍ക്ക് കഴിക്കാന്‍'-ലക്ഷ്മി മറുപടി നല്‍കി.


'ഒരു നിമിഷം കാക്കൂ, ഞാന്‍ ഒന്ന് നോക്കിക്കൊള്ളട്ടെ'-സിരി പറഞ്ഞു


ഏതാനും നിമിഷങ്ങള്‍ക്കകം സിരി വെബ്ബിലൂടെ ഊളിയിട്ട് വിശദീകരണവുമായ എത്തി-വെണ്ടക്ക ഇത്ര ഗ്രാം, നേന്ത്രക്കായ ഇത്ര, മുരിങ്ങയ്ക്ക ഇത്ര, അങ്ങനെ എല്ലാം!


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയുപയോഗിച്ചാണ് സിരി പ്രവര്‍ത്തിക്കുന്നത്. ചോദിക്കുന്ന ചോദ്യം മനസിലാക്കുക മാത്രമല്ല, നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് പോലും തിരിച്ചറിഞ്ഞ് ഉത്തരങ്ങള്‍ നല്‍കാന്‍ സിരിക്ക് കഴിയുമെന്ന് ആപ്പിള്‍ പറയുന്നു. വെബ്ബിലും ഓണ്‍ലൈന്‍ സര്‍വീസുകളിലും സെര്‍ച്ച് ചെയ്തും, ഫോണിലെ വിവരങ്ങള്‍ നോക്കിയും നൊടിയിടയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട കാര്യത്തിന് സിരി മറുപടി നല്‍കും.


ഒരാള്‍ പുതിയൊരു സഹായിയെ നിയമിച്ചാല്‍ സാധാരണഗതിയില്‍ എന്താണ് സംഭവിക്കുക. അയാളുടെ രീതികളും പ്രവര്‍ത്തനവും സംസാരവും മറ്റും മനസിലാക്കാന്‍ ആ സഹായി കുറച്ചു സമയമെടുക്കും. സിരിയുടെ കാര്യവും വ്യത്യസ്തമല്ല. ഫോണ്‍ ഉപഭോക്താവിന്റെ സംഭാഷണരീതികളും മറ്റും ഓരോ ദിവസം ചെല്ലുന്തോറും സിരി കൂടുതല്‍ കൂടുതല്‍ മനസിലാക്കും.


ഐഫോണ്‍ 4 എസിലെ എ5 ഡ്യുവല്‍കോര്‍ ചിപ്പിന്റെയും ത്രിജി, വൈഫൈ നെറ്റ്‌വര്‍ക്കുകളുടെയും ആപ്പിള്‍ ഡേറ്റ സെന്ററുകളുടെയും സഹായത്തോടെയാണ്, ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് നൊടിയിടയില്‍ സിരി മറുപടി നല്‍കുക. ഐഫോണ്‍ 4 എസിലുള്ളത് ബീറ്റ വേര്‍ഷനാണ്.


ഐഫോണിലെ തേഡ്പാര്‍ട്ടി ആപ്പ്‌സ് (ആപ്ലിക്കഷനുകള്‍) തത്ക്കാലം സിരി ഉപയോഗിക്കുന്നില്ല. ഫോണ്‍ (കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും), ഫെയ്‌സ്‌ടൈം (ഐഫോണിലെ വീഡോയ കോള്‍ സംവിധാനം), മ്യൂസിക്, മെയില്‍, മെസേജ്, കലണ്ടര്‍, നോട്ട്‌സ്, കോണ്ടാക്ടുകള്‍, കാലാവസ്ഥ, സ്‌റ്റോക്ക്‌സ്, വെബ് സെര്‍ച്ച് (സഫാരി, മാപ്‌സ്, ഗൂഗിള്‍), ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ്, അലാറാം/വേള്‍ഡ് ക്ലോക്ക്/ടൈമര്‍, വിക്കിപീഡിയ, വൂള്‍ഫ്രേം ആല്‍ഫ (ഗണിതത്തിന്) എന്നിവയാണ് സിരിയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.


നിലവില്‍ മൂന്ന് ഭാഷകളില്‍ മാത്രമേ സിരിയുടെ സേവനം ലഭ്യമാക്കിയിട്ടുള്ളു-ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകളില്‍. ജര്‍മനിയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും സിരി 'സ്ത്രീ'യാണെങ്കില്‍ (എന്നുവെച്ചാല്‍, സ്ത്രീശബ്ദമാണ് സിരിക്ക്), ബ്രിട്ടീഷ് ഇംഗ്ലീഷിലും ഫ്രഞ്ചിലും സിരി 'പുരുഷനാ'ണ് ! 'ലിംഗമാറ്റ'ത്തിന് സിരിയില്‍ സാധ്യതയില്ല. 

പെന്റഗണില്‍ നിന്ന് ആപ്പിളിലേക്ക്

യു.എസ്.പ്രതിരോധ ഏജന്‍സിയായ പെന്റഗണിന് കീഴിലെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ടില്‍ (ഡിഎആര്‍പിഎ) ആണ് സിരി സങ്കേതത്തിന്റെ തുടക്കമെന്ന് 'ദി മാക്‌മോബ്' സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധമേഖലകളിലെ വിവിധ ഭീഷണികള്‍ സ്വയം മനസിലാക്കി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രതികരിക്കാന്‍ കഴിവുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കായിരുന്നു സിരി ആവിര്‍ഭവിച്ചത്. അതിനുള്ള പദ്ധതി ഡിഎആര്‍പിഎ 2003 ല്‍ ആരംഭിച്ചു.
ശ്രി ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ഡിഎആര്‍പിഎ ഈ പദ്ധതിക്കായി ഫണ്ട് നല്‍കിയത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പിഎഎല്‍)
എന്ന പേരിലായിരുന്നു പ്രോജക്ടിന്റെ ആരംഭം. 2009 വരെ അത് നടന്നു. മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഉള്‍പ്പെട്ട 'കോഗ്നെറ്റിവ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) എന്ന സംരംഭമായിരുന്നു പിഎഎല്ലില്‍ പ്രധാനമായും നടന്നത്.

ശ്രി ഇന്റര്‍നാഷണല്‍ രൂപപ്പെടുത്തിയ സങ്കേതം സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്നില്ല. 'സിരി' (Siri) എന്ന പേരില്‍ സ്വതന്ത്രമായ ഒരു കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനി 2007 ല്‍ ശ്രി ഇന്റര്‍നാഷണല്‍ ആരംഭിച്ചു. സൈനികാവശ്യത്തിന് രൂപപ്പെടുത്തിയ സങ്കേതത്തിന്റെ സഹായത്തോടെ 2010 ഫിബ്രവരിയില്‍ സിരി കമ്പനി ഐഫോണ്‍ 3ജിഎസിന് വേണ്ടി ഒരു ആപ്പ്‌സ് പുറത്തിറക്കി.


സ്വാഭാവികമായും അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ദൃഷ്ടിയില്‍ സിരി ആപ്ലിക്കേഷന്‍ പെട്ടു. രണ്ടുമാസം കഴിഞ്ഞ്,
2010 ഏപ്രിലില്‍ ആപ്പിള്‍ സിരിയെ സ്വന്തമാക്കി-എത്ര തുക നല്‍കി എന്നത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അടുത്ത ഒന്നരവര്‍ഷത്തോളം, സിരിയെക്കൊണ്ട് ആപ്പിള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് ടെക് ലോകം അത്ഭുതം കൂറി. ഒടുവില്‍ ഐഫോണ്‍ 4 എസിന്റെ 'ആത്മാവാ'യി സിരി എത്തിയപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.....ആപ്പിള്‍ ഏവരെയും കടത്തിവെട്ടിയിരിക്കുന്നു.


ഗൂഗിള്‍ എന്തുകൊണ്ട് ഭയക്കണം

സിരിയുടെ വരവോടെ, മൊബൈല്‍ സങ്കേതങ്ങളുടെ കാര്യത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ ആപ്പിള്‍ കുറഞ്ഞത് രണ്ടുവര്‍ഷം പിന്നിലാക്കിയെന്നാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനും സിരി ബോര്‍ഡ് മെമ്പറുമായ ഗാരി മോര്‍ഗെന്താലെര്‍ അഭിപ്രായപ്പെടുന്നത്. ഭാവിയെ രൂപപ്പെടത്തുന്ന കാര്യത്തില്‍ ആപ്പിള്‍ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ഥം.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ മാത്രമല്ല, ഗൂഗിളിന്റെ നട്ടെല്ലായ സെര്‍ച്ചിനും സിരി വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സെര്‍ച്ചിന്റെ ഭാവിയാണ് സിരിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അവര്‍ പറയുന്നു. സെര്‍ച്ചിന്റെ ഭാവി ഗൂഗിളല്ല സിരിയാണ് എന്നല്ലേ ഇതിനര്‍ഥം.


ഏവരും സമ്മതിക്കുന്ന കാര്യം കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈലിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ഇതിനര്‍ഥം, വെബ് ബ്രൗസിങ്, സെര്‍ച്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ ഭാവിയില്‍ കൂടുതല്‍ നടക്കുക മൊബൈലിലാകും എന്നാണ്. അവിടെ സിരി താരമാകുമ്പോല്‍, ഗൂഗിളിന് തീര്‍ച്ചയായും വെല്ലുവിളിയാകും.


ക്ലിക്ക്, ടാപ്പ്, ടച്ച് മുതലായ സംഗതികളൊന്നും സിരിയില്‍ ആവശ്യമില്ല. കാര്യങ്ങള്‍ സിരിയോട് പറഞ്ഞാല്‍ മതി. ക്ലിക്ക് മൂല്യംവെച്ച് പരസ്യവരുമാനം കണക്കാക്കുന്ന ഗൂഗിളിന് തന്നെയാകും, ഈ പുതിയ മാറ്റവും തലവേദന സൃഷ്ടിക്കുക. ഗൂഗിളും മാറേണ്ടി വരുമെന്നര്‍ഥം.....ഒരുപക്ഷേ, ആ മാറ്റത്തിനുള്ള വഴികാട്ടിയായിരിക്കാം സിരി.

Thursday, February 2, 2012

ബ്ലെക്കോ സ്പാം ഫ്രീ സെര്‍ച്ച് എഞ്ചിന്‍


ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ മത്സരിക്കാന്‍ പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ (Blekko). അനാവശ്യമായ ഒട്ടേറെ സെര്‍ച്ച്ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതെ, ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് ബ്ലെക്കോയുടെ നയം.

മൂന്നു വര്‍ഷത്തെ വികസനത്തിനും മൂന്നു മാസത്തെ ബീറ്റാ ടെസ്റ്റിങിനും ശേഷമാണ് നവംബര്‍ ഒന്നിന് ബ്ലെക്കോ പുറത്തിറക്കിയത്. ഗൂഗിള്‍ തുടങ്ങിയ ശേഷം, ലിങ്കുകളും കീവേഡുകളും ക്രമാതീതമായി പെരുകി വെബ്ബ് ശരിക്കും ഒരു രാവണന്‍കോട്ട പോലെ ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച്ച് വഴി കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കുന്നുവെന്ന്, ബ്ലെക്കോയുടെ സഹസ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു.


'വെബ്ബ് സെര്‍ച്ചിനെ ശുദ്ധീകരിക്കുക വഴി പാഴ്‌സൈറ്റുകളായ സ്​പാം സൈറ്റുകളെ അകറ്റി നിര്‍ത്തുക, അതാണ് ലക്ഷ്യം'-സ്‌ക്രെന്റ പറഞ്ഞു. പ്രസക്തവും അര്‍ഥവത്തുമായതെന്ന് കരുതുന്ന 300 കോടി വെബ്ബ്‌പേജുകളാണ് ബ്ലെക്കോ സെര്‍ച്ച് എഞ്ചിന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച്ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നല്‍കൂ. വെബ്‌സൈറ്റുകളുടെ എഡിറ്റ് ചെയ്യപ്പെട്ട ആ പട്ടികകളെ 'സ്ലാഷ്ടാഗ്‌സ്' (slashtags) എന്നാണ് ബ്ലെക്കോ വിശേഷിപ്പിക്കുന്നത്.


നിലവാരം കുറഞ്ഞ സൈറ്റുകള്‍ സൂത്രവിദ്യകള്‍ പ്രയോഗിച്ച് സെര്‍ച്ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. മലിനീകരിക്കപ്പെട്ട സെര്‍ച്ച്ഫലമാണ് അതിന്റെ ഫലം. മുഖ്യമായും health, recipes, autos, hotels, song lyrics, personal finance, colleges എന്നീ ഏഴ് വിഭാഗങ്ങളിലാണ് ഏറ്റവുമധികം മലനീകരിക്കപ്പെട്ട സെര്‍ച്ച്ഫലങ്ങള്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ ഓട്ടോമാറ്റിക്കായി തന്നെ എഡിറ്റ് ചെയ്ത സെര്‍ച്ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക.


ഒരു പ്രത്യേക സൈറ്റില്‍ നിന്നുള്ള സെര്‍ച്ചിങും ബ്ലെക്കോയില്‍ സാധ്യമാകും. ഉദാഹരണത്തിന് 'iPod/Amazon' എന്ന് സെര്‍ച്ച് ചെയ്താല്‍ amazon.com എന്ന സൈറ്റില്‍ നിന്ന് iPods -നെക്കുറിച്ചുള്ള സെര്‍ച്ച്ഫലങ്ങള്‍ ലഭിക്കും. സെര്‍ച്ച് കൂടുതല്‍ ഫോക്കസ് ചെയ്യാനും മാര്‍ഗമുണ്ട്. ഉദാഹണത്തിന് 'June/people' എന്ന് സെര്‍ച്ച് ചെയ്താല്‍ June എന്ന് പേരുള്ള ആളുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുക.


2007 ലാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്താന്‍ റിച്ച് സ്‌ക്രെന്റ ആരംഭിച്ചത്. വെബ്ബ്‌സെര്‍ച്ച് രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള സ്‌ക്രെന്റയാണ് മുമ്പ് 'ഓപ്പണ്‍ ഡയറക്ടറി പ്രോജക്ട്' ആരംഭിച്ചത്. ആളുകള്‍ എഡിറ്റ് ചെയ്യുന്ന ആ വെബ്ബ് ഡയറക്ടറി 1990 കളില്‍ യാഹൂവുമായി മത്സരിച്ചിരുന്നു.


ഗൂഗിളുമായി മത്സരിക്കുകയല്ല ബ്ലെക്കോയുടെ ലക്ഷ്യമെന്ന് സ്‌ക്രെന്റ പറയുന്നു. വ്യത്യസ്തമായ സെര്‍ച്ച് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ഉദ്ദേശം. 24 മില്യണ്‍ ഡോളര്‍ ഇതിനകം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാന്‍ ബ്ലെക്കോക്ക് സാധിച്ചിട്ടുണ്ട്. ഗൂഗിളിന്റെ മാതിരി കീവേഡുകളുടെയും സ്ലാഷ്ടാഗുകളുടെയും ഒപ്പം സെര്‍ച്ച് പരസ്യങ്ങള്‍ നല്‍കി വരുമാനമുണ്ടാക്കാമെന്നാണ് ബ്ലെക്കോയുടെ പ്രതീക്ഷ.


വോലുനിയ സെര്‍ച്ച്

ഗൂഗിളിന്റെ സെര്‍ച്ച് ആല്‍ഗരിതം വികസിപ്പിക്കുന്നതില്‍ തുണയായ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ മസിമോ മാര്‍ച്ചിയോറി സ്വന്തം സെര്‍ച്ച് എന്‍ജിനുമായി രംഗത്തെത്തുന്നു. തന്റെ സെര്‍ച്ച് എന്‍ജിന്‍ വ്യത്യസ്തമാണെന്നും, ഭാവി സെര്‍ച്ച് എന്‍ജിനുകള്‍ എങ്ങനെയായിരിക്കുമെന്നതിന് ഉദാഹരണമായിരിക്കും അതെന്നും മാര്‍ച്ചിയോറി പറയുന്നു.


പാദുവ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മാര്‍ച്ചിയോറി, താന്റെ സെര്‍ച്ച് എന്‍ജിനെക്കുറിച്ച് വിവരിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. വോലുനിയ (volunia.com) എന്ന പ്രൊമോഷണല്‍ സൈറ്റിലാണ് വീഡിയോ ഉള്ളത്. യുട്യൂബിലും അത് പോസ്റ്റ് ചെയ്തിട്ടുണ്ട്.


പുതിയ സെര്‍ച്ച് എന്‍ജിന്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുന്ന 'പവര്‍ യൂസര്‍മാര്‍' ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോലുനിയ സൈറ്റില്‍ സൈന്‍ അപ് ചെയ്യുകയുമാകാം. തുടക്കത്തില്‍ 12 ഭാഷകളിലാകും വോലുനിയയുടെ സേവനം ലഭ്യമാകുക. ഈ വര്‍ഷം തന്നെ പുതിയ സെര്‍ച്ച് എന്‍ജിന്‍ രംഗത്തെത്തുമെന്നാണ് സൂചന.


'കൊറിയര്‍ ഡെല്ല സെറ'യെന്ന പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ കഴിഞ്ഞയാഴ്ച മാര്‍ച്ചിയോറിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. താന്‍ പുറത്തിറക്കാന്‍ പോകുന്ന സെര്‍ച്ച് എന്‍ജിന്റെ വിശദാംശങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.


 ഇപ്പോള്‍ എനിക്ക് അധികം വെളിപ്പെടുത്താനാകില്ല...ക്ഷമിക്കുക'-അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പുറത്തുവിട്ടാല്‍, നൂറ് എന്‍ജിനിയര്‍മാരെക്കൊണ്ട് പ്രസ്തുത ആശയം ഞങ്ങള്‍ക്കുമുമ്പ് യാഥാര്‍ഥ്യമാക്കാന്‍ ഗൂഗിളിനെപ്പോലൊരു കമ്പനിക്ക് വിഷമമൊന്നുമില്ല-മാര്‍ച്ചിയോറി ചൂണ്ടിക്കാട്ടി.


'ഓണ്‍ലൈന്‍ സെര്‍ച്ചിലെ ഭീമന്‍മാരുമായി കൊമ്പുകോര്‍ക്കാന്‍ പാകത്തിലുള്ളതാണ് ഇതെന്ന് തോന്നിയിരുന്നില്ലെങ്കില്‍, ഞാനിതില്‍ ഒരിക്കലും സഹകരിക്കില്ലായിരുന്നു'-അദ്ദേഹം അറിയിച്ചു. നിലവിലുള്ള പ്രമുഖ സെര്‍ച്ച് എന്‍ജിനുകളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തവും അതേസമയം ലളിതവുമായ ആശയമാണ് പുതിയ സെര്‍ച്ച് എന്‍ജിന്റേതെന്ന് അദ്ദേഹം അറിയിച്ചു. ആ വ്യത്യസ്തതയാണ് ഇത്തരമൊന്നിന്റെ ആവിര്‍ഭാവത്തിന് കാരണം. 'ആളുകള്‍ക്ക് ശരിക്കും ഉപയോഗപ്രദമായിരിക്കും വോലുനിയ'. 


 താന്‍ രൂപപ്പെടുത്തിയ 'ഹൈപ്പര്‍ സെര്‍ച്ച് ആല്‍ഗരിതം' 1996 ല്‍ കാലിഫോര്‍ണിയയില്‍ നടന്ന ഒരു സമ്മേളനത്തില്‍ മാര്‍ച്ചിയോറി അവതരിപ്പിച്ചിരുന്നു. അന്ന് 23 വയസുണ്ടായിരുന്ന ലാറി പേജ് ആ സമ്മേളത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗൂഗിളിന്റെ പേജ് റാങ്ക് സംവിധാനം രൂപപ്പെടുത്താന്‍ ലാറക്ക് തുണയായത് മാര്‍ച്ചിയോറിയുടെ ആശയമായിരുന്നു.


പുതിയ സെര്‍ച്ച് എന്‍ജിന്‍ പ്രോജക്ടിന്റെ ആസ്ഥാനം വടക്കന്‍ ഇറ്റലിയിലെ പാദുവയാണ്. പദ്ധതിക്കായി സോഫ്ട്‌വേര്‍ വികസിപ്പിക്കുന്നവരില്‍ പലരും മാര്‍ച്ചിയോറിയുടെ മുന്‍വിദ്യാര്‍ഥികളും. ഐടി, ടെലകോം രംഗത്തെ സംരംഭകനായ സാര്‍ഡിനിയന്‍ കോടീശ്വരന്‍ മരിയാനോ പിരെഡുവാണ് പദ്ധതിക്ക് ഫണ്ട് നല്‍കുന്നത്.


ഞാനും മാസിമോയും ഇതില്‍ പങ്കുചേര്‍ന്നിട്ടുള്ള ഗവേഷകരുമാണ് ഈ പദ്ധതിയുടെ പങ്കാളികളെന്ന് മരിയാനോ പറഞ്ഞു. 'ഞങ്ങളാരും ഗൂഗിളിനെക്കാള്‍ മികച്ച ഒരു സെര്‍ച്ച് എന്‍ജിന്‍ രൂപപ്പെടുത്താമെന്ന് സ്വപ്‌നം കാണുന്നില്ല. എന്നാല്‍, ഗൂഗിളില്‍ നിന്ന് വ്യത്യസ്തമായ ഒരു സെര്‍ച്ച് എന്‍ജിന്‍ സൃഷ്ടിക്കാമെന്ന് ഞങ്ങള്‍ കരുതുന്നു'-അദ്ദേഹം അറിയിച്ചു.


ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും, ഗൂഗിള്‍ ആല്‍ഗരിതത്തില്‍ തന്റെ സംഭാവനയെക്കുറിച്ച് എപ്പോഴും സമ്മതിക്കാറുണ്ടെന്ന് കൊറിയര്‍ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാര്‍ച്ചിയോറി പറഞ്ഞു. ഗൂഗിള്‍ സംരംഭത്തില്‍ ചേരാത്തതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


'സത്യത്തില്‍ അത് വളരെ മനോഹരമായ ഒരു ആശയമായിരുന്നു. അക്കാര്യം എനിക്ക് ബോധ്യപ്പെടാത്തത് ഒര്‍ഥത്തില്‍ നാണക്കേടാണ്. ഇപ്പോള്‍, ശരിയായ സമയമാണ്, അത്തരമൊന്ന് യാഥാര്‍ഥ്യമാക്കാന്‍'-മാര്‍ച്ചിയോറി പറഞ്ഞു.

ട്രാപ്പിറ്റ്

സെര്‍ച്ച് റിസള്‍ട്ടുകളിലൂടെ ഗൂഗിളും, ഷെയറുചെയ്യപ്പെടുന്ന ലിങ്കുകളിലൂടെ ഫെയ്‌സ്ബുക്കും ട്വിറ്ററും ആധിപത്യം പുലര്‍ത്തുന്ന വെബ്ബ് സെര്‍ച്ച് രംഗത്ത് മാറ്റുരയ്ക്കാന്‍ പുതിയൊരു താരം എത്തിയിരിക്കുന്നു -ട്രാപ്പിറ്റ് (Trapit). വെബ്ബ് സെര്‍ച്ചിനെ കൂടുതല്‍ സ്മാര്‍ട്ടും വ്യക്തിഗതവുമാക്കാന്‍ സഹായിക്കുന്ന ട്രാപ്പിറ്റ് പ്രവര്‍ത്തിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) സങ്കേതത്തിന്റെ പിന്‍ബലത്തിലാണ്.

ആപ്പിളിന്റെ
ഐഫോണ്‍ 4എസില്‍ ഉപയോഗിച്ചിട്ടുള്ള ഡിജിറ്റല്‍ സഹായിയായ 'സിരി'ക്ക് രൂപംനല്‍കിയ സിരി ഇന്റര്‍നാഷണല്‍ എന്ന ഗവേഷണസ്ഥാപനം തന്നെയാണ് ട്രാപ്പിറ്റിന് രൂപംനല്‍കിയതും. ഇത് രണ്ടും കാലോ പദ്ധതിയുടെ സന്താനങ്ങളാണ്.

അമേരിക്കയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ നിര്‍മിതബുദ്ധി പദ്ധതിയാണ് 'കോഗ്നിറ്റീവ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസി'ല്‍ (കാലോ-CALO). യു.എസ്.പ്രതിരോധവകുപ്പിന്റെ ഗവേഷണശാഖയായ 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി' (
DARPA) ഫണ്ട് ചെയ്ത ആ പദ്ധതിയാണത്.

കൂടുതല്‍ മെച്ചപ്പെടുത്തിയ ആര്‍ എസ് എസ് ഫീഡ് പോലെയാണ് ട്രാപ്പിറ്റ്. നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കി സെര്‍ച്ച് ഫലങ്ങളെ വ്യക്തിഗതമാക്കുകയാണ് ട്രാപ്പിറ്റ് ചെയ്യുന്നത്. നിങ്ങളൊരു വിഷയം നിശ്ചയിക്കുക. ബ്ലോഗുകളും മാഗസിന്‍, ന്യൂസ്‌പേപ്പര്‍ സൈറ്റുകളും ഊളിയിട്ട് ആ വിഷയത്തിലെ ഏറ്റവും പുതിയ പ്രസക്തമായ ഫലങ്ങള്‍ ട്രാപ്പിറ്റ് നിങ്ങള്‍ക്ക് മുന്നിലെത്തിക്കും.


നിങ്ങള്‍ വായിക്കുന്നതെന്താണെന്ന് ട്രാപ്പിറ്റ് മനസിലാക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും അതിനോട് പറയാം; തമ്പ്‌സ് അപ്പിലും തമ്പ്‌സ് ഡൗണിലും ക്ലിക്ക് ചെയ്താല്‍ മതി. നിര്‍മിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച് നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ ഫലങ്ങള്‍ ട്രാപ്പിറ്റ് എത്തിക്കും. എന്നുവെച്ചാല്‍, ഒരാള്‍ക്ക് ഹോളിവുഡില്‍ നടക്കുന്ന സിനിമ വ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമ്പോള്‍, മറ്റൊരാള്‍ക്ക് മുന്നിലെത്തുക ഹോളിവുഡിലെ പുതിയ സിനിമകളുടെ വിവരവും, ഇനിയൊരാള്‍ക്ക് ഹോളിവുഡ് ഗോസിപ്പുകളും ആയിരിക്കും.


വായിക്കാനുള്ള സംഗതികള്‍ കണ്ടെത്താന്‍ ഒട്ടേറെപ്പേര്‍ ഏറെ സമയം വെബ്ബില്‍ ചെലവിടുന്നുണ്ട് -ട്രാപ്പിറ്റിന്റെ സ്ഥാപകരായ ഹാന്‍ക് നോഥ്ഹാഫ്റ്റും ഡേവിഡ് ഷായിയറും ചൂണ്ടിക്കാട്ടുന്നു. സെര്‍ച്ച് എഞ്ചിനുകളോ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളോ നല്‍കുന്ന സംഗതികളെക്കാള്‍ വൈപുല്യമേറിയും ആഴത്തിലുള്ളതും താത്പര്യജനകവുമാണ് വെബ്ബെന്ന് നോഥ്ഹാഫ്റ്റ് പറഞ്ഞു. ഒരു സഹായിയെപ്പോലെ 24 മണിക്കൂറും നിങ്ങള്‍ക്കായി നിലകൊള്ളുകയും, ഉള്ളടക്കത്തിനായി മുങ്ങിത്തപ്പുന്നതിന് പകരം, നിങ്ങള്‍ക്ക് താത്പര്യമുള്ള സംഗതികളില്‍ മുഴുകാന്‍ അവസരമൊരുക്കുകയും ചെയ്യുകയാണ് ട്രാപ്പിറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു.


ഗുണമേന്മയുള്ളതെന്ന് നിശ്ചയിക്കപ്പെട്ട ഒരുലക്ഷം വെബ്ബ്‌സൈറ്റുകളില്‍ നിന്നാണ് ട്രാപ്പിറ്റ് ആരംഭിക്കുന്നത്. ഒരു നിശ്ചിത വിഷയവുമായി ബന്ധപ്പട്ട് പ്രസക്തമായ ഉള്ളടക്കം ആ സൈറ്റുകളിലുണ്ടോ എന്ന് ട്രാപ്പിറ്റിന്റെ ആല്‍ഗരിതം പരിശോധിക്കും. സമയം ചെല്ലുന്തോറും പ്രസക്തമായ കൂടുതല്‍ വിഷയങ്ങള്‍ ട്രാപ്പിറ്റ് മനസിലാക്കും.


ട്രാപ്പിറ്റ് ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്ക് അതിലുള്ള ഫീച്ചേര്‍ഡ് ടോപ്പിക്കുകളില്‍ നിന്ന് വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കീവേഡുകളോ വെബ്ബ് വിലാസങ്ങളോ ഉപയോഗിച്ച് ഇഷ്ടവിഷയത്തില്‍ ഉള്ളടക്കം കണ്ടെത്താന്‍ സ്വന്തം 'ട്രാപ്പുകള്‍' സൃഷ്ടിക്കാം. ആ ട്രാപ്പുകള്‍ സേവ് ചെയ്തുകഴിഞ്ഞാല്‍, ഓരോ തവണ ചെല്ലുമ്പോഴും അവയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ കിട്ടും.


വെറും പേജ് ലിങ്കുകള്‍ക്ക് പകരം ഗ്രാഫിക്കുകളുടെ രൂപത്തിലാണ് ആര്‍ട്ടിക്കിളുകള്‍ ട്രാപ്പിറ്റ് പേജില്‍ പ്രത്യക്ഷപ്പെടുക...ആര്‍ട്ടിക്കിളുകളില്‍ ക്ലിക്ക് ചെയ്തു തുറന്ന് വായിക്കുകയോ, പിന്നീട് വായിക്കാനായി മാര്‍ക്ക് ചെയ്യുകയോ ആവാം.


ഇപ്പോള്‍ വെബ്ബിലാണ് ട്രാപ്പിറ്റിന്റെ തുടക്കം. ട്രാപ്പിറ്റിന്റെ ഐപാഡ്, ഐഫോണ്‍ ആപ്പ്‌സ് അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് സ്ഥാപകര്‍ അറിയിച്ചു. മാത്രമല്ല, പുറത്തുള്ള സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ സങ്കേതം പങ്കിടുമെന്നും അവര്‍ പറഞ്ഞു.