Thursday, February 2, 2012

വോലുനിയ സെര്‍ച്ച്

ഗൂഗിളിന്റെ സെര്‍ച്ച് ആല്‍ഗരിതം വികസിപ്പിക്കുന്നതില്‍ തുണയായ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ മസിമോ മാര്‍ച്ചിയോറി സ്വന്തം സെര്‍ച്ച് എന്‍ജിനുമായി രംഗത്തെത്തുന്നു. തന്റെ സെര്‍ച്ച് എന്‍ജിന്‍ വ്യത്യസ്തമാണെന്നും, ഭാവി സെര്‍ച്ച് എന്‍ജിനുകള്‍ എങ്ങനെയായിരിക്കുമെന്നതിന് ഉദാഹരണമായിരിക്കും അതെന്നും മാര്‍ച്ചിയോറി പറയുന്നു.


പാദുവ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മാര്‍ച്ചിയോറി, താന്റെ സെര്‍ച്ച് എന്‍ജിനെക്കുറിച്ച് വിവരിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. വോലുനിയ (volunia.com) എന്ന പ്രൊമോഷണല്‍ സൈറ്റിലാണ് വീഡിയോ ഉള്ളത്. യുട്യൂബിലും അത് പോസ്റ്റ് ചെയ്തിട്ടുണ്ട്.


പുതിയ സെര്‍ച്ച് എന്‍ജിന്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുന്ന 'പവര്‍ യൂസര്‍മാര്‍' ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോലുനിയ സൈറ്റില്‍ സൈന്‍ അപ് ചെയ്യുകയുമാകാം. തുടക്കത്തില്‍ 12 ഭാഷകളിലാകും വോലുനിയയുടെ സേവനം ലഭ്യമാകുക. ഈ വര്‍ഷം തന്നെ പുതിയ സെര്‍ച്ച് എന്‍ജിന്‍ രംഗത്തെത്തുമെന്നാണ് സൂചന.


'കൊറിയര്‍ ഡെല്ല സെറ'യെന്ന പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ കഴിഞ്ഞയാഴ്ച മാര്‍ച്ചിയോറിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. താന്‍ പുറത്തിറക്കാന്‍ പോകുന്ന സെര്‍ച്ച് എന്‍ജിന്റെ വിശദാംശങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.


 ഇപ്പോള്‍ എനിക്ക് അധികം വെളിപ്പെടുത്താനാകില്ല...ക്ഷമിക്കുക'-അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പുറത്തുവിട്ടാല്‍, നൂറ് എന്‍ജിനിയര്‍മാരെക്കൊണ്ട് പ്രസ്തുത ആശയം ഞങ്ങള്‍ക്കുമുമ്പ് യാഥാര്‍ഥ്യമാക്കാന്‍ ഗൂഗിളിനെപ്പോലൊരു കമ്പനിക്ക് വിഷമമൊന്നുമില്ല-മാര്‍ച്ചിയോറി ചൂണ്ടിക്കാട്ടി.


'ഓണ്‍ലൈന്‍ സെര്‍ച്ചിലെ ഭീമന്‍മാരുമായി കൊമ്പുകോര്‍ക്കാന്‍ പാകത്തിലുള്ളതാണ് ഇതെന്ന് തോന്നിയിരുന്നില്ലെങ്കില്‍, ഞാനിതില്‍ ഒരിക്കലും സഹകരിക്കില്ലായിരുന്നു'-അദ്ദേഹം അറിയിച്ചു. നിലവിലുള്ള പ്രമുഖ സെര്‍ച്ച് എന്‍ജിനുകളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തവും അതേസമയം ലളിതവുമായ ആശയമാണ് പുതിയ സെര്‍ച്ച് എന്‍ജിന്റേതെന്ന് അദ്ദേഹം അറിയിച്ചു. ആ വ്യത്യസ്തതയാണ് ഇത്തരമൊന്നിന്റെ ആവിര്‍ഭാവത്തിന് കാരണം. 'ആളുകള്‍ക്ക് ശരിക്കും ഉപയോഗപ്രദമായിരിക്കും വോലുനിയ'. 


 താന്‍ രൂപപ്പെടുത്തിയ 'ഹൈപ്പര്‍ സെര്‍ച്ച് ആല്‍ഗരിതം' 1996 ല്‍ കാലിഫോര്‍ണിയയില്‍ നടന്ന ഒരു സമ്മേളനത്തില്‍ മാര്‍ച്ചിയോറി അവതരിപ്പിച്ചിരുന്നു. അന്ന് 23 വയസുണ്ടായിരുന്ന ലാറി പേജ് ആ സമ്മേളത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗൂഗിളിന്റെ പേജ് റാങ്ക് സംവിധാനം രൂപപ്പെടുത്താന്‍ ലാറക്ക് തുണയായത് മാര്‍ച്ചിയോറിയുടെ ആശയമായിരുന്നു.


പുതിയ സെര്‍ച്ച് എന്‍ജിന്‍ പ്രോജക്ടിന്റെ ആസ്ഥാനം വടക്കന്‍ ഇറ്റലിയിലെ പാദുവയാണ്. പദ്ധതിക്കായി സോഫ്ട്‌വേര്‍ വികസിപ്പിക്കുന്നവരില്‍ പലരും മാര്‍ച്ചിയോറിയുടെ മുന്‍വിദ്യാര്‍ഥികളും. ഐടി, ടെലകോം രംഗത്തെ സംരംഭകനായ സാര്‍ഡിനിയന്‍ കോടീശ്വരന്‍ മരിയാനോ പിരെഡുവാണ് പദ്ധതിക്ക് ഫണ്ട് നല്‍കുന്നത്.


ഞാനും മാസിമോയും ഇതില്‍ പങ്കുചേര്‍ന്നിട്ടുള്ള ഗവേഷകരുമാണ് ഈ പദ്ധതിയുടെ പങ്കാളികളെന്ന് മരിയാനോ പറഞ്ഞു. 'ഞങ്ങളാരും ഗൂഗിളിനെക്കാള്‍ മികച്ച ഒരു സെര്‍ച്ച് എന്‍ജിന്‍ രൂപപ്പെടുത്താമെന്ന് സ്വപ്‌നം കാണുന്നില്ല. എന്നാല്‍, ഗൂഗിളില്‍ നിന്ന് വ്യത്യസ്തമായ ഒരു സെര്‍ച്ച് എന്‍ജിന്‍ സൃഷ്ടിക്കാമെന്ന് ഞങ്ങള്‍ കരുതുന്നു'-അദ്ദേഹം അറിയിച്ചു.


ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും, ഗൂഗിള്‍ ആല്‍ഗരിതത്തില്‍ തന്റെ സംഭാവനയെക്കുറിച്ച് എപ്പോഴും സമ്മതിക്കാറുണ്ടെന്ന് കൊറിയര്‍ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാര്‍ച്ചിയോറി പറഞ്ഞു. ഗൂഗിള്‍ സംരംഭത്തില്‍ ചേരാത്തതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


'സത്യത്തില്‍ അത് വളരെ മനോഹരമായ ഒരു ആശയമായിരുന്നു. അക്കാര്യം എനിക്ക് ബോധ്യപ്പെടാത്തത് ഒര്‍ഥത്തില്‍ നാണക്കേടാണ്. ഇപ്പോള്‍, ശരിയായ സമയമാണ്, അത്തരമൊന്ന് യാഥാര്‍ഥ്യമാക്കാന്‍'-മാര്‍ച്ചിയോറി പറഞ്ഞു.

No comments:

Post a Comment