Thursday, February 2, 2012

ചതിക്കുഴികള്‍ എവിടെയും

ഒന്നും സുരക്ഷിതമല്ല, ചതിക്കുഴികള്‍ എവിടെയും പ്രതീക്ഷിക്കാം. സോഷ്യന്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെക്കുറിച്ച് ഇങ്ങനെയേ പറയാനാകൂ. ട്വിറ്ററാണെങ്കിലും ഫെയ്‌സ്ബുക്ക് ആണെങ്കിലും ഗൂഗിള്‍ പ്ലസ് ആണെങ്കിലും ഇതില്‍ വ്യത്യാസമില്ല. ചതിക്കുഴികളുടെ വലിപ്പത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കാണുമെന്ന് മാത്രം.

'ബരാകുഡ നെറ്റ്‌വര്‍ക്ക്‌സ്'
(Barracuda networks) ശേഖരിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഡേറ്റ അനുസരിച്ച്, ഫെയ്‌സ്ബുക്കിലെ അറുപതിലൊന്ന് പോസ്റ്റിലും ദുഷ്ടപ്രോഗ്രാമുകള്‍ ഒളിച്ചിരിക്കുന്നു. ട്വിറ്ററിലാണെങ്കില്‍ ഇത് നൂറിലൊന്ന് എന്ന നിരക്കിലാണ്. ഇതാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിന്റെ ഇരുണ്ട വശം.

മാത്രമല്ല, 'യഥാര്‍ഥ യൂസര്‍മാരു'ടെ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ 43 ശതമാനമേ വരൂ എന്നാണ് ബരാകുഡ കണ്ടെത്തിയിരിക്കുന്നത്. 57 ശതമാനവും വ്യാജയൂസര്‍മാരാണത്രേ. എത്ര സുരക്ഷിതമല്ലാത്ത ലോകമാണ് ഇത്തരം നെറ്റ്‌വര്‍ക്കുകളിലേതെന്ന് ആലോചിച്ചു നോക്കൂ.


മറ്റൊരു കണ്ടത്തല്‍ യൂസറുടെ ആത്മവിശ്വാസം സംബന്ധിച്ചതാണ്. ഏറ്റവും സുരക്ഷിതമില്ലായ്മ അനുഭവിക്കുന്നത് ഫെയ്‌സ്ബുക്കിലുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 40 ശതമാനം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്നുവത്രേ. ട്വിറ്ററില്‍ 28 ശതമാനമാനത്തിനാണ് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നത്. ലിങ്കഡ്ഇന്‍ ഉപഭോക്താക്കളാണ് ഇക്കാര്യത്തില്‍ മെച്ചം. ആ നെറ്റ്‌വര്‍ക്കില്‍ 14 ശതമാനം ഉപഭോക്താക്കളേ ഈ മനോഭാവം പ്രകടിപ്പിക്കുന്നുള്ളൂ.


മാത്രമല്ല, തൊഴിലുടമകളുടെ വിലക്ക് ഏറ്റവും കുറവുള്ളതും ലിങ്കഡ്ഇന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനാണെന്ന്, ബരാകുഡ സര്‍വ്വെ വ്യക്തമാക്കുന്നു. 20 ശതമാനം സ്ഥാപനങ്ങളേ തങ്ങളുടെ ജീവനക്കാര്‍ ലിങ്കഡ്ഇനില്‍ ചേരുന്നത് വിലക്കുന്നുള്ളൂ. എന്നാല്‍, ഫെയ്‌സ്ബുക്ക് (31 ശതമാനം), ട്വിറ്റര്‍ (25 ശതമാനം), ഗൂഗിള്‍ പ്ലസ് (24 ശതമാനം) എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്.


സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചേരുമ്പോള്‍ ഭൂരിപക്ഷം പേരുടെയും മുഖ്യപരിഗണന സുരക്ഷയാണെന്നും സര്‍വ്വെ പറയുന്നു. 92 ശതമാനം പേര്‍ സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കുമ്പോള്‍, തന്റെ സുഹൃത്തുക്കള്‍ ആ നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നത് എന്നതിന് 91 ശതമാനം പേരുടെ പിന്തുണയേ ഉള്ളൂ. 90 ശതമാനം പേര്‍ സ്വകാര്യതയ്ക്ക് (പ്രൈവസി) മുഖ്യപരിഗണന നല്‍കുന്നു.


സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ക്കൂടി പാഴ്‌സന്ദേശങ്ങളുടെ (സ്പാം) ശല്യത്തിനിരയാകുന്നവരാണ് 90 ശതമാനം യൂസര്‍മാരും. പകുതിയിലേറെ യൂസര്‍മാര്‍ '
ഫിഷിങ്' (phishing) തട്ടിപ്പുകള്‍ക്ക് വിധേയരാകുന്നു. 20 ശതമാനംപേര്‍ക്ക് ദുഷ്ടപ്രോഗ്രാമുകള്‍ (മാള്‍വെയര്‍) ലഭിക്കാറുണ്ട്. 13 ശതമാനത്തിന്റെ അക്കൗണ്ടുകള്‍ ഭേദിക്കപ്പെടുകയോ പാസ്‌വേഡുകള്‍ കവര്‍ന്നെടുക്കപ്പെടുകയോ ചെയ്യുന്നു. പകുതിയിലേറെ യൂസര്‍മാര്‍ ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ അതൃപ്തരാണെന്നും സര്‍വെ റിപ്പോര്‍ട്ട് പറയുന്നു.

No comments:

Post a Comment