Thursday, February 2, 2012

ബാറ്ററിയുടെ കരുത്തുമായി മോട്ടറോള ഡ്രോയ്ഡ് റേസര്‍ മാക്‌സ്‌




കനം തീരെക്കുറച്ച് സ്ലിംബ്യൂട്ടികളായ മൊബൈല്‍ഫോണ്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന കമ്പനിയാണ് മോട്ടറോള. ബ്ലേഡ് പോലെ മെലിഞ്ഞ ഫോണുകള്‍ക്കായി റേസര്‍ എന്ന പേരിലൊരു പരമ്പര തന്നെ മോട്ടറോള വിപണിയിലെത്തിച്ചിട്ടുണ്ട്. റേസര്‍ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരമാണ് അമേരിക്കയില്‍ വില്‍പ്പനയാരംഭിച്ചിട്ടുള്ള ഡ്രോയ്ഡ് റേസര്‍ മാക്‌സ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ പുതുപുത്തന്‍ സ്മാര്‍ട്‌ഫോണ്‍ ലോകമെങ്ങും ലഭിച്ചുതുടങ്ങും.


പേരു സൂചിപ്പിക്കുന്നതുപോലെ പരമാവധി സൗകര്യങ്ങളും സാങ്കേതികസംവിധാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ഫോണ്‍ നിര്‍മിച്ചിരിക്കുന്നന്നെ് മോട്ടറോള അവകാശപ്പെടുന്നു. ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ബാറ്ററിആയുസാണ്. ഇന്നുവരെ ഒരു 4ജി ഫോണിനും സാധ്യമാകാത്തത്ര ബാറ്ററി ആയുസാണ് ഈ ഫോണിനുള്ളതെന്ന് മോട്ടറോള പറയുന്നു. മാത്രമല്ല, വേഗമേറിയ 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസറും ഡ്രോയ്ഡ് റേസര്‍ മാക്‌സുണ്ട്.


തീരെ ഭാരം കുറവാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും മറ്റു കമ്പനികളുടെ സ്മാര്‍ട്‌ഫോണിനേക്കാള്‍ അല്പം ഭാരക്കുറവുണ്ട് റേസര്‍ മാക്‌സിന്. എങ്കിലും കൊച്ചുകൈകള്‍ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള രീതിയിലാണ് ഇതിന്റെ ഘടന. മുകള്‍ഭാഗത്തെ ക്യാമറയുള്ള ഭാഗം അല്പം ഉന്തിനില്‍ക്കുന്നതുകൊണ്ടാണത്.


ആന്‍ഡ്രോയ്ഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് റേസര്‍ മാക്‌സ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലേക്ക് അത് അനായാസം അപ്‌ഗ്രേജഡ് ചെയ്യാന്‍ സാധിക്കുമെന്ന് മോട്ടറോള പറയുന്നു. ആന്‍ഡ്രോയ്ഡിനൊപ്പം മോട്ടറോളയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസ് മോട്ടോബ്ലറും ഫോണിലുണ്ട്.


കണക്ടിവിറ്റിക്കായി ജി.പി.എസ്., ബ്ലൂടൂത്ത് 4.0, വൈഫൈ എന്നിവ ഫോണിലുണ്ട്. വൈഫൈ ഇനേബിള്‍ഡ് ഗാഡ്ജറ്റുകള്‍ക്കുവേണ്ടി മോഡമായി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഹോട്ട്-സ്‌പോട്ട് സംവിധാനവും ഈ ഫോണിലുണ്ട്. ഗൂഗിളിന്റെ എല്ലാ ആപ്‌സും ഇതില്‍ പ്രീസെറ്റ് ആയി ലോഡ് ചെയ്തിട്ടുമുണ്ട്. മോട്ടറോളയുടെ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലുമുള്ള പൊതുവായ കാര്യമാണ് കമ്പനിയുടെ സ്വന്തമായ വെബ്‌ടോപ് അപ്ലിക്കേഷന്‍. റേസര്‍ മാക്‌സിലും ഇതുണ്ട്. ലിനക്‌സ് അധിഷ്ഠിധ ആപ്ലിക്കേഷനായ വെബ്‌ടോപ്, ഫോണുകളെ ഒരു നെറ്റ്ബുക്ക് കംപ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.


കാഴ്ചയിലും അതിസുന്ദരനാണ് മോട്ടറോള റേസര്‍ മാക്‌സ്. സ്റ്റീല്‍ ഫ്രെയിമില്‍ വാട്ടര്‍റെസിസ്റ്റന്റ് പ്രതലത്തോടെയുളള റേസര്‍ മാക്‌സില്‍ പോറല്‍ വീഴാത്ത തരത്തിലുള്ള ഗൊറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 4.3 ഇഞ്ച് ഹൈഡെഫനിഷന്‍ അമോലെഡ് സ്‌ക്രീനുളള ഫോണിലെ ദൃശ്യഗുണനിലവാരം അതിഗംഭീരം തന്നെ. മൈക്രോ എച്ച്.ഡി.എം.ഐ. പോര്‍ട്ട് ഉള്ളതിനാല്‍ ഫോണിലുള്ള വീഡിയോകള്‍ ലാര്‍ജ് സ്‌ക്രീന്‍ എച്ച്.ഡി. ടെലിവിഷനിലൂടെ കാണാനാകും.


എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. വീഡിയോകോളിങിനായി 1.3 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുണ്ട്. 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജിനൊപ്പം 16 ജി.ബി. വരെയുള്ള ഡാറ്റ കാര്‍ഡ് സൗകര്യവും റേസര്‍ മാക്‌സ് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ആയുസാണ് റേസര്‍ മാക്‌സിന് മോട്ടറോള അവകാശപ്പെടുന്ന ഏറ്റവും വലിയ മേന്‍മ. 300 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിന് കരുത്തു പകരുന്നത്. 21.5 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 16 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ആയുസും ഫോണിന് ലഭിക്കുമെന്ന് മോട്ടറോള അധികൃതര്‍ പറയുന്നു. ഇന്ത്യയിലെത്തുമ്പോള്‍ ഈ ഫോണിന് 33,000 രൂപയാകും വിലയാകുമെന്ന് പ്രതീക്ഷിക്കുന്നു.



No comments:

Post a Comment