Thursday, February 2, 2012

വിക്കിപീഡിയ കറുപ്പണിഞ്ഞു

അമേരിക്കയില്‍ പകര്‍പ്പവകാശനിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പും ബുധനാഴ്ച കൈകോര്‍ത്തു. പ്രതിഷേധത്തിന്റെ ഭാഗമായി സൈറ്റ് പ്രവര്‍ത്തിച്ചില്ല; പകരം വിക്കിപീഡിയ കറുപ്പണിഞ്ഞു.

സൈറ്റില്‍ കയറാന്‍ ശ്രമിച്ചവര്‍ക്ക്, കറുത്ത പശ്ചാത്തലത്തില്‍ 'സ്വന്തന്ത്രവിജ്ഞാനമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ' എന്ന തലക്കെട്ടോടുകൂടിയ ഒരു പ്രസ്താവനയാണ് വീക്കിപീഡിയയുടെ ഇംഗ്ലീഷിഷ് പതിപ്പില്‍ കാണാനായത്.


അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുള്ള പകര്‍പ്പാവകാശ നിയന്ത്രണ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു വിക്കിപീഡിയയുടെ ഈ 'പിന്‍മാറ്റം'. വിക്കിപീഡിയയെ ആശ്രയിച്ച് ഗൃഹപാഠംചെയ്യുന്ന കുട്ടികള്‍ നേരത്തേ അവ ചെയ്തുവെക്കണമെന്ന് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജിമ്മി വെയില്‍സ് 'ട്വിറ്റര്‍' സന്ദേശത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.


യു.എസ്. സര്‍ക്കാറിന്റെ നിര്‍ദിഷ്ട നിയമനിര്‍മാണ നീക്കങ്ങള്‍ സ്വതന്ത്ര ഇന്‍റര്‍നെറ്റിനെ അപായപ്പെടുത്തുമെന്നും, വെബ്‌സൈറ്റുകളുടെ നിയന്ത്രണത്തിന് പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുമെന്നും വിക്കിപീഡിയ വക്താവ് പറഞ്ഞു.


യൂസര്‍മാര്‍ ന്യൂസ് ചേര്‍ക്കുന്ന റെഡ്ഡിറ്റ് (Reddit), ബ്ലോഗ് സൈറ്റായ ബോയിങ് ബോയിങ് (Boing Boing) തുടങ്ങിയ സൈറ്റുകളും പ്രതിഷേധത്തിന്റെ ഭാഗമായി 'പിന്‍മാറ്റം' നടത്തി. തങ്ങളുടെ ലോഗോ കറുപ്പിച്ചുകൊണ്ടും, വെബ്ബിനെ സെന്‍സര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ പരാതിയിലേക്ക് ലിങ്ക് നല്‍കിക്കൊണ്ടുമാണ് ഗൂഗിള്‍ പ്രതിഷേധിച്ചത്. എന്നാല്‍, മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഈ നീക്കത്തില്‍ സഹകരിച്ചില്ല.


യു.എസ്.കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള 'സ്റ്റോപ്പ് പൈറസി ആക്ട് (Sopa), പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്ട് (Pipa) എന്നീ നിയമങ്ങള്‍ക്കെതിരെയാണ് വിക്കിപീഡിയ ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് സൈറ്റുകള്‍ പ്രതിഷേധിച്ചത്.


ഉള്ളടക്കത്തിന്റെ ഉടമകള്‍ക്കും ജസ്റ്റിസ് വകുപ്പിനും സെര്‍ച്ച് എന്‍ജിനുകളുടെ ഫലങ്ങള്‍ തടയാന്‍ കോടതിയുത്തരവ് സമ്പാദിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ നിയമങ്ങള്‍. യഥാര്‍ഥ ചോരണം തടയാന്‍ സഹായിക്കാത്തതും, എന്നാല്‍ ദുരുപയോഗത്തിന് ഏറെ പഴുതുകള്‍ ഉള്ളതുമാണ് ഈ നിയമങ്ങളെന്ന് ജിമ്മി വെയില്‍സ് അഭിപ്രായപ്പെട്ടു.


പ്രതിഷേധത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട വിക്കിപീഡിയ പേജിലുള്ള പ്രസ്താവന ഇങ്ങനെ : 'കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വിജ്ഞാനകോശം സൃഷ്ടിക്കാന്‍ കോടിക്കണക്കിന് മണിക്കൂര്‍ നമ്മള്‍ യത്‌നിച്ചു. തുറന്ന ഇന്റര്‍നെറ്റിനെ മാരകമായി പരിക്കേല്‍പ്പിക്കത്തക്ക വിധം ഇപ്പോള്‍ യു.എസ്. കോണ്‍ഗ്രസ് നിയമം പരിഗണിക്കുന്നു. ഇതിനെതിരെയുള്ള ബോധവത്ക്കരണത്തിനായി 24 മണിക്കൂര്‍ വിക്കിപീഡിയ ഞങ്ങള്‍ കറുപ്പിക്കുന്നു'.


നിയമവിരുദ്ധ വെബ്ബ്‌സൈറ്റുകളില്‍ പകര്‍പ്പവകാശമുള്ള ഉള്ളടക്കം പ്രത്യക്ഷപ്പെടുന്നത് തടയുകയാണ്, പരിഗണനയിലുള്ള പുതിയ നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് പറയുന്നു. ഉള്ളടക്കത്തിന്റെ ഉടമസ്ഥര്‍ക്കും അമേരിക്കന്‍ സര്‍ക്കാരിനും ഇത്തരം സൈറ്റുകള്‍ പൂട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ സാധിക്കും.


'ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ആഗോള ബിസിനസ് നിര്‍ത്തിവെയ്ക്കുകയെന്നത് വിഡ്ഢിത്തമാണെന്ന് ട്വിറ്റര്‍ മേധാവി ഡിക് കോസ്റ്റല്ലോ അഭിപ്രായപ്പെട്ടു.

No comments:

Post a Comment