Thursday, February 2, 2012

ഫെയ്‌സ്ബുക്ക് നിരീക്ഷിക്കാന്‍ എഫ്.ബി.ഐ പദ്ധതി


ഫെയ്‌സ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റു ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ തത്സമയം നിരീക്ഷിച്ച്, സുരക്ഷാഭീഷണി ഉണ്ടോ എന്ന് മനസിലാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പദ്ധതിയിടുന്നു. ഇതിനായി വെബ്ബ് ആപ്ലിക്കേഷന്‍ നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.

ഒരു 'സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍' രൂപപ്പെടുത്താനുള്ള അഭ്യര്‍ഥന എഫ്ബിഐയുടെ 'സ്ട്രാറ്റജിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓപ്പറേഷന്‍സ് സെന്റര്‍'(SOIC) യാദൃശ്ചികമായി പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വെളിവായത്.
'ന്യൂ സയന്റിസ്റ്റ്' മാഗസിന്‍ ആ അഭ്യര്‍ഥന കണ്ടെത്തുകയും വാര്‍ത്തയാക്കുകയുമായിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ എങ്ങനെയാണ് രഹസ്യാന്വേഷണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതെന്ന കാര്യം സാധാരണഗതിയില്‍ എഫ്ബിഐ തുറന്ന വേദികളില്‍ ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍, പുറത്തുവന്നിട്ടുള്ള രേഖയില്‍ (Request for Information document), തത്സമയ രഹസ്യാന്വേഷണത്തെ സഹായിക്കാന്‍ ശേഷിയുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്റെ വിവരങ്ങള്‍ ഉണ്ട്.


ഇക്കാര്യത്തില്‍ എഫ്ബിഐ ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തിയതായി എസ്ഒഐസി എഴുതുന്നു. സോഷ്യല്‍ മീഡിയയില്‍ അപ്പപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ സമാഹരിച്ച് ഒരു ആഗോളജാഗ്രതാ സംവിധാനം രൂപപ്പെടുത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒരു 'റീയല്‍ ടൈം ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സി'ന്റെ സാധ്യതകള്‍ അത് തുറുന്നു തരുന്നതായും പുറത്തുവന്ന
ആറ് പേജ് രേഖയില്‍ പറയുന്നു.

ചില പ്രത്യേക കീവേഡുകളുടെ (eg þ terrorism, surveillance operations, online crime) സഹായത്തോടെ, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ പബ്ലിക്ക് പോസ്റ്റുകളെ നിരീക്ഷിക്കാനും, അതിനനുസരിച്ച് സുരക്ഷാഭീഷണികള്‍ മനസിലാക്കാനുമുള്ള മികച്ച മാര്‍ഗം ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വ്യത്യസ്ത വാര്‍ത്താചാനലുകളുടെ അപ്‌ഡേറ്റുകള്‍ കൂടി സമന്വയിപ്പിക്കാന്‍ കഴിയും.


ഇത്തരത്തില്‍ സമാഹരിക്കുന്ന ട്വീറ്റുകളും പോസ്റ്റുകളും മറ്റും ഒരു മാപ്പില്‍ വ്യത്യസ്ത അടരുകളായി രേഖപ്പെടുത്താന്‍ കഴിയും. യുഎസ് എംബസികളും സൈനിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെ കേന്ദ്രീകരിച്ച് ഇത് ചെയ്താല്‍ ഭീകരാക്രമണങ്ങള്‍ക്കും മറ്റുമുള്ള സാധ്യത മനസിലാക്കാനും ഭീഷണികള്‍ ചെറുക്കാനും സാധിക്കും.


അമേരിക്കയില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണം എന്നത് എഫ്ബിഐ യില്‍ ഒതുങ്ങുന്ന സംഗതിയല്ല. ഈ മാസം ആദ്യമാണ് സോഷ്യല്‍ മീഡിയയിലെ ട്രാഫിക് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ യു.എസ്.ഹൗസ് സബ്കമ്മറ്റി അംഗങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിട്ടി ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടത്.


സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എഫ്ബിഐയുടെ നീക്കമെന്ന് വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍, പോസ്റ്റുകള്‍ പബ്ലിക്ക് ആണെങ്കില്‍ അത് സമാഹരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ഔദ്യോഗിക നിലപാട്.

No comments:

Post a Comment