Thursday, February 2, 2012

പോളറോയ്ഡിന്റെ ഫോണില്ലാത്ത 'ഫോണ്‍ക്യാമറ'






മൊബൈല്‍ ഫോണുകളിലേക്കാണ് ക്യാമറ കുടിയേറിയിരുന്നത്. ഒരോ തലമുറ ഫോണുകളിലും ക്യാമറയുടെ മികവ് ഏറി വരുന്നു. അതൊടുവില്‍ പലര്‍ക്കും ക്യാമറ വേണ്ട, ഫോണ്‍ മതി എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. എന്നാല്‍, ഇപ്പോഴിതാ പുതിയൊരു ഫോണ്‍ക്യാമറയുമായി പോളറോയ്ഡ് കമ്പനി രംഗത്തെത്തിയിരിക്കുന്നു! 'പോളറോയ്ഡ് എസ് സി 1630 സ്മാര്‍ട്ട് ക്യാമറ'. അപ്‌ഗ്രേഡ് ചെയ്ത ഒരു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണിത്-പക്ഷേ ഇതില്‍ ഫോണ്‍ ഇല്ല!


കഴിഞ്ഞ ദിവസം ലാസ് വെഗാസില്‍ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സെസ്സ്) യിലാണ് പോളറോയ്ഡിന്റെ ഈ സ്മാര്‍ട്ട്ക്യാമറ അവതരിപ്പിക്കപ്പെട്ടത്.


പരമ്പരാഗത ക്യാമറ കമ്പനികള്‍ ഇപ്പോഴും ജാഗ്രത പാലിക്കുന്നത് ചിത്രത്തിന്റെ ഗുണമേന്‍മയിലാണ് -അതിനായുള്ള മെഗാപിക്‌സല്‍, സൂം ലെന്‍സസ് മുതലായവയില്‍. എന്നാല്‍, ഇപ്പോള്‍ ഫോട്ടോയെടുക്കുന്ന ഭൂരിപക്ഷവും, അതിന്റെ ഗുണനിലവാരത്തെക്കാള്‍, എടുത്ത ചിത്രം എങ്ങനെ ഉപയോഗിക്കാം എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ചിത്രം എടുത്തയുടന്‍ അത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യാനാകുമോ, ഈമെയില്‍ വഴി അയയ്ക്കാമോ എന്നൊക്കെയാണ് മിക്കവരുടെയും നോട്ടം. അതിനവരെ സഹായിക്കുന്നത് ക്യാമറ കമ്പനികളുടെ ഉപകരണങ്ങളല്ല, സ്മാര്‍ട്ട്‌ഫോണുകളാണ്.




കാലത്തിന്റെ ചുവരെഴുത്ത് വായിച്ച മാതിരി ചില ക്യാമറ കമ്പനികള്‍ ഇപ്പോള്‍ വയര്‍ലെസ് കണക്ടിവിറ്റിയുള്ള ക്യാമറകള്‍ രംഗത്തിറക്കി തുടങ്ങിയിട്ടുണ്ട്. ഇത്തവണത്തെ സെസ്സില്‍ കൊഡാക് അവതരിപ്പിച്ച ഡിജിറ്റല്‍, വീഡിയോ ക്യാമറകള്‍ ഉപയോഗിച്ച്, എടുക്കുന്ന ദൃശ്യങ്ങള്‍ ഉടന്‍തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റു ചെയ്യാനാകും.


എന്നാല്‍, പോളറോയ്ഡ് ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പോളറോയിഡിന്റെ സ്മാര്‍ട്ട്ക്യാമറ സാധാരണ ഡിജിറ്റല്‍ ക്യാമറയല്ല, സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ്. സ്മാര്‍ട്ട്‌ഫോണിന്റെ ചതുരവടിവും ടച്ച്‌സ്്ക്രീനും പോക്കറ്റിലിട്ട് നടക്കാവുന്ന വലിപ്പവും. പക്ഷേ, സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലില്ലാത്തത്ര ശക്തമായ ലെന്‍സും ഓപ്ടിക്കല്‍ സൂമും ഇതിലുണ്ട്. 16 മെഗാപിക്‌സലാണ് ഇതിന്റെ ശക്തി. 


ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ത്രീജി നെറ്റ്‌വര്‍ക്കുമായി ഇതിനെ കണക്ട് ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയും ഇതിലുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്‌സുകളും ഇതില്‍ പ്രവര്‍ത്തിക്കും. ഈവര്‍ഷം തന്നെ പുറത്തിറങ്ങുന്ന ഈ ഉപകരണത്തിന്റെ വില എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.



സ്മാര്‍ട്ട്‌ഫോണുകളില്‍ ചെയ്യുന്നതുപോലെ, ചിത്രങ്ങളെടുക്കാനും ആപ്‌സുകളുപയോഗിച്ച് എഡിറ്റു ചെയ്യാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യാനും ഈമെയിലുകളില്‍ അയയ്ക്കാനും ഈ ഉപകരണത്തില്‍ സാധിക്കും




No comments:

Post a Comment