Thursday, February 2, 2012

ലിനക്‌സും വിന്‍ഡോസും പിന്നെ വൈറസും

വൈറസുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന പ്രധാന വസ്തുത മിക്ക കമ്പ്യൂട്ടര്‍ വൈറസുകളും മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ടവയാണ്. മറ്റു പ്രധാന ഒപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്‌സിനെ ഗുരുതരമായി ബാധിക്കപ്പെട്ട ഒരു വൈറസുപോലും കണ്ടെത്തിയിട്ടില്ല.


വൈറസുകള്‍ എന്തുകൊണ്ട് വിന്‍ഡോസിനെ കൂടുതല്‍ ലക്ഷ്യമാക്കുന്നു?


ഏറ്റവുമധികം പ്രചാരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം. വൈറസ് പ്രോഗ്രാമര്‍മാര്‍ വിന്‍ഡോസിനെ ലക്ഷ്യമാക്കുന്നതിനു പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, വിന്‍ഡോസിന് മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേക്കാള്‍ പതിന്മടങ്ങുള്ള പ്രചാരമുണ്ട് എന്നതാണ്. ഇതു ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഘടനാപരമായ കുഴപ്പങ്ങളാണ് വൈറസ് പ്രോഗ്രാമര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നത് എന്നാണ് വിലയിരുത്തല്‍.


 വിന്‍ഡോസ് നിര്‍മിക്കപ്പെട്ടതുതന്നെ വ്യക്ത്യാധിഷ്ഠിത ഉപയോഗത്തിനു ഊന്നല്‍ നല്‍കിയായിരുന്നു. സുരക്ഷയ്ക്കുപരിയായി ഉപയോഗക്രമത്തിനാണ് വിന്‍ഡോസ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഒരു പ്രോഗ്രാം തുറക്കുമ്പൊഴോ പകര്‍ത്തുമ്പൊഴോ യഥാര്‍ത്ഥത്തില്‍ പിന്നാമ്പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒരിക്കലും അറിയാന്‍ കഴിയുന്നില്ല. മാത്രമല്ല മിക്കവാറും എല്ലാ വിന്‍ഡോസ് ഉപയോക്താക്കളും അഡ്മിന്‍സ്‌ട്രേറ്റര്‍ അക്കൗണ്ടോ, അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആനുകൂല്യമുള്ള അക്കൗണ്ടുകളോ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്


 പല വിന്‍ഡോസ് വൈറസുകളും ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും മുതലെടുത്താണ് കടന്നു കൂടൂന്നതെങ്കിലും, പല വൈറസുകലും വിന്‍ഡോസിലെ സുരക്ഷാ പഴുതുകള്‍ മുതലെടുക്കുന്നു. ഏതു ജോലി ചെയ്യുന്നതിനും അല്‍പ്പസ്വല്‍പ്പം പരിചയവും അനുഭവജ്ഞാനവും ഒക്കെ വേണം. അതില്ലാതെ ചെയ്യുന്ന ജോലികളില്‍ കുഴപ്പങ്ങളും അപകടങ്ങളും സ്വാഭാവികം. വിന്‍ഡോസ് ഒരു 'റെഡി ടൂ യൂസ്' ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. പ്രത്യേകിച്ച് വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമൊന്നും ഇല്ലാതെത്തന്നെ ഏതൊരാള്‍ക്കും വിന്‍ഡോസില്‍ കയ്യാങ്കളികള്‍ നടത്താന്‍ കഴിയും. ഏതു കുട്ടിക്കും ഉപയോഗിക്കാന്‍ കഴിയത്തക്ക വിധം ലളിതമായ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസാണ് വിന്‍ഡോസിനെ ഇത്ര ജനപ്രിയമാക്കിയത്.


 ലിനക്‌സില്‍ നിന്ന് വിന്‍ഡോസ് വ്യത്യസ്തമാകുന്നത്


 ഡോമിനിക് ഹംഫ്രിസ് എഴുതിയ 'ലിനക്‌സ് എന്തുകൊണ്ട് വിന്‍ഡോസ് അല്ല' എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടൂതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവയില്‍ ഒന്നാണ്. പ്രസ്തുത ലേഖനത്തിലെ ഒരു ഭാഗമായ കാര്‍, ബൈക് താരതമ്യം വളരെ രസകരമാണ്. കാറും ബൈക്കും വാഹനങ്ങളാണ് (ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍) രണ്ടും ഒരേ റോഡിലൂടെത്തന്നെ സഞ്ചരിക്കുന്നു (ഹാര്‍ഡ്‌വേര്‍), ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് എത്തിക്കുക എന്നതുതന്നെയാണ് അടിസ്ഥാന ധര്‍മം (ആപ്ലിക്കേഷന്‍ സോഫ്ട്‌വേര്‍). ഒരു വിന്‍ഡോസ് പതിപ്പില്‍ നിന്നും മറ്റൊരു വിന്‍ഡോസ് പതിപ്പിലേക്ക് മാറുന്നത് ഒരു കാര്‍ മോഡലില്‍ നിന്നും മറ്റൊരു കാര്‍ മോഡലിലേയ്ക്കു മാറുന്നതുപോലെയാണ്. പക്ഷേ വിന്‍ഡോസില്‍ നിന്നും ലിനക്‌സിലേയ്ക്കു മാറുന്നതാകട്ടേ കാറില്‍ നിന്നും ബൈക്കിലേക്കോ അല്ലെങ്കില്‍ ബൈക്കില്‍ നിന്നും കാറിലേയ്ക്കും മാറുന്നതിനു സമവും.


ആദ്യമായി വിന്‍ഡൊസിനെ കാറായും ലിനക്‌സിനെ ബൈക് ആയും കരുതിയാല്‍
 
കാറില്‍ വാതിലുകളുണ്ട് (വൈറസ്സുകള്‍) അതിനാല്‍ മോഷണവും കടന്നുകയറ്റവും തടയാന്‍ പൂട്ട് (ആന്റി വൈറസ്) അനിവാര്യമാണ്. എന്നാല്‍ ബൈക്കില്‍ വാതിലുകളില്ലാത്തതിനാല്‍ പൂട്ടിന്റെ ആവശ്യമില്ല.

ഇനി വിന്‍ഡോസിനെ ബൈക്ക് ആയും ലിനക്‌സിനെ കാര്‍ ആയും കരുതിയാല്‍



കാര്‍ (ലിനക്‌സ്) ഒന്നിലധികം യാത്രക്കാരെ ഉദ്ദേശിച്ച് നിര്‍മിച്ചിട്ടുള്ളതാണ്. ബൈക്ക് (വിന്‍ഡോസ്) ആകട്ടെ ഒരാളെ മാത്രം ഉദ്ദേശിച്ചും. ബൈക്ക് യാത്രക്കാരനാണ് (വിന്‍ഡോസ് യൂസര്‍) വാഹനത്തിലുള്ള പൂര്‍ണ നിയന്ത്രണം. എന്നാല്‍ കാറിന്റെ കാര്യത്തിലാകട്ടെ യാത്രക്കാരന് (ലിനക്‌സ് യൂസര്‍) വാഹന നിയന്ത്രണം സാദ്ധ്യമാകണമെങ്കില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കണം (റൂട്ട് യൂസര്‍ ആയി ലോഗിന്‍ ചെയ്യണം). മറ്റുള്ളവെരെല്ലാം സഹയാത്രികര്‍ മാത്രം.



ഈ രണ്ടു ഉദാഹരണങ്ങളിലും കാറും ബൈക്കും (ലിനക്‌സും വിന്‍ഡോസും) ചെയ്യുന്നത് ഒരേ ജോലി തന്നെയാണെങ്കിലും വ്യത്യസ്ത രീതിയിലൂടെയാണ് അതെന്നു മാത്രം. അതിനാല്‍ ഇതിനു രണ്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. അതായത് കാറിലായാലും ബൈക്കിലായാലും ഒരേ റോഡിലൂടെത്തന്നെ സഞ്ചരിക്കണം, ട്രാഫിക് നിയമങ്ങളും ഒരുപോല ബാധകം.


വിന്‍ഡോസ് മാത്രം ഉപയോഗിച്ചു ശീലിച്ച ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിന്, ലീനക്‌സിലേയ്ക്കുള്ള മാറ്റം കാറില്‍ നിന്നും ബൈക്കിലേയ്‌ക്കോ അഥവാ തിരിച്ചോ മാറുന്നതുപോലെ ആയിരിക്കും. എങ്കിലും പുതിയ ഉബുണ്ടു, ഫെഡൊര, നോപ്പിക്‌സ് തുടങ്ങിയ ജനപ്രിയ ലിനക്‌സ് പതിപ്പുകള്‍ ഒരു െ്രെഡവിംഗ് സ്‌കൂള്‍ എന്നതുപോലെ ലിനക്‌സ് പഠനം കൂടുതല്‍ എളുപ്പമാക്കുന്നു.


 ഓപ്പണ്‍ സോഴ്‌സ് 


 ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിന് സ്വാഭാവികമായുണ്ടായേക്കാവുന്ന സംശയമാണിത്. ലിനക്‌സിന്റെ കോഡ് പരസ്യമല്ലേ? ഇത് വൈറസ് ഉണ്ടാക്കുവാന്‍ കൂടുതല്‍ സഹായകരം ആകുകയല്ലേ? പക്ഷേ ഓപ്പണ്‍ സോഴ്‌സ് ആയതുകൊണ്ടുതന്നെ ലീനക്‌സിലെ സുരക്ഷാപഴുതുകളൂം മറ്റു ഭീഷണികളും വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കപ്പെടുകയും തടയപ്പെടുകയും ചെയ്യുന്നു. നമ്മള്‍ രാത്രികാലങ്ങളില്‍ വീടിനു ചുറ്റും ലൈറ്റ് ഓണ്‍ ചെയ്തിടുന്നതെന്തിനാണ്. കള്ളന്മാര്‍ക്ക് നല്ല വെളിച്ചത്തില്‍ മോഷണം നടത്തുവാന്‍ സൗകര്യമൊരുക്കാനല്ലല്ലോ? അതേ സൈക്കോളജി തന്നെ ഓപ്പണ്‍ സോഴ്‌സിലും പ്രാവര്‍ത്തികമാകുന്നു. ലിനക്‌സിന്റെ കോഡ് ഓപ്പണ്‍ ആയതിനാല്‍ ലോകത്തെമ്പാടുമുള്ള ലിനക്‌സ് പ്രോഗ്രാമര്‍മാര്‍ക്ക് ഇതിലുണ്ടാകുന്ന കുറ്റവും കുറവുകളും കടന്നു കയറ്റങ്ങളും വളരെ എളുപ്പത്തില്‍ കണ്ടെത്താനും അവയെ പ്രതിരോധിക്കാനും കഴിയുന്നു.


 ലിനക്‌സ് വൈറസുകള്‍


 യുണിക്‌സ് എന്ന മള്‍ട്ടി യൂസര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചുവടുപിടിച്ച് പുറത്തിറങ്ങിയ ലിനക്‌സ് ഇക്കാലത്ത് വളരെ വേഗത്തില്‍ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഇന്നും കമ്പ്യൂട്ടറീന്റെ ബാലപാഠങ്ങള്‍ തുടങ്ങുന്നത് വിന്‍ഡോസില്‍ നിന്നു തന്നെയാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ലോകത്ത് 80 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിനെ എന്തു കാരണം പറഞ്ഞാണെങ്കിലും അവഗണിക്കുക പ്രയാസമാണ്.


ലീനക്‌സ് ഉപയോക്താക്കളില്‍ അധികവും ചുരുങ്ങിയത് കമ്പ്യൂട്ടര്‍ സോഫ്ട്‌വേറുകളെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ഒക്കെയുള്ള സാമാന്യ ബോധമെങ്കിലും ഉള്ളവര്‍ ആണെന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ ലിനക്‌സ് ഉപയോക്താക്കെളേയും വിന്‍ഡോസ് ഉപയോക്താക്കളേയും ഒരേ ത്രാസില്‍ തുലനം ചെയ്യാനാകില്ല.


ലിനക്‌സ് 100 ശതമാനം വൈറസ് മുക്തമാണെന്ന് പറയാനാകില്ല. എങ്കിലും വിന്‍ഡൊസിനെ അപേക്ഷിച്ച് വളരെ കുറച്ചു വൈറസുകള്‍ മാത്രമാണ് ലിനക്‌സിനെ ആക്രമിച്ചിട്ടുള്ളത്. ലീനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. എങ്കിലും വിനാശകാരിയായ ഒരു ലീനക്‌സ് വൈറസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. വളരെ സജീവമായ ഒരു കൂട്ടായ്മയുടെ ഫലമായി പ്രധാന ലീനക്‌സ് വൈറസുകളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.



ലിനക്‌സ് വൈറസുകളെ പ്രതിരോധിക്കുന്നത്


വിന്‍ഡോസില്‍ നിന്ന് വ്യത്യസ്തമായി ലീനക്‌സിന്റെ ഉത്ഭവം തന്നെ ഒന്നില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ യുണിക്‌സില്‍ നിന്നായിരുന്നു. അതായത് ഒന്നില്‍ കൂടൂതല്‍ പേര്‍ ഒരേ ഓപ്പറെറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും നിര്‍വ്വചിക്കേണ്ടത് അത്യാവശ്യമാണ്. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 'റൂട്ട്' (വിന്‍ഡോസിലെ അഡ്മിന്‍സിട്രേറ്റര്‍) യൂസര്‍ ആണ് കമ്പ്യൂട്ടറില്‍ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മറ്റു മാറ്റങ്ങള്‍ വരുത്തുവാനും അനുവാദമുള്ളയാള്‍ മാത്രമല്ല, റൂട്ട് യൂസര്‍ക്ക് പാസ്‌വേഡ് നിര്‍ബന്ധവുമാണ്. അതുകൊണ്ടു തന്നെ വൈറസുകളും മറ്റു ദുഷ്ടപ്രോഗ്രാമുകളും അനുവാദമില്ലാതെ കടന്നു കൂടുവാന്‍ കഴിയില്ല. റൂട്ട് യൂസര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത്തരത്തില്‍ ലീനക്‌സ് കമ്പ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തുവാനോ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനോ കഴിയില്ല.


പക്ഷേ ഇതു കൊണ്ടു മാത്രം ലിനക്‌സ് ഉപയോഗിച്ചാ ഒട്ടും തന്നെ വൈറസ് ശല്ല്യം ഉണ്ടാകില്ല എന്നു പറയാനാകുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ലീനക്‌സിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പക്ഷേ വിന്‍ഡോസിനെ അപേക്ഷിച്ച് വിരലിലെണ്ണാവുന്നവയാണ് ലിനക്‌സ് വൈറസുകള്‍. മാത്രമല്ല അവയെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനും കഴിഞ്ഞിട്ടുണ്ട്.


ഉബുണ്ടു, ഫെഡോറ, മാന്‍ഡ്രീവ, നോപ്പിക്‌സ് തുടങ്ങിയ ഗ്‌നു ലിനക്‌സ് പതിപ്പുകളുടെ വന്‍ പ്രചാരം വൈറസ് പ്രോഗ്രാമര്‍മാരെ ലീനക്‌സിലേയ്ക്കും ആകര്‍ഷിച്ചിട്ടുണ്ട്.


വിന്‍ഡോസിനെപ്പോലെ കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ലിനക്‌സിന്റെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ലെന്ന് പല ആന്റിവൈറസ് കമ്പനികളുടെ വക്താക്കളും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും വിന്‍ഡോസ് വെബ് സെര്‍വ്വറുകളേക്കാള്‍ പ്രചാരമുള്ള അപ്പാച്ചെ സെര്‍വ്വറുകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ലീനക്‌സ് ആരാധകര്‍ ഈ വാദം ഖണ്ഡിക്കുന്നു. വിന്‍ഡോസ് ഐ ഐ എസ് സെര്‍വ്വറുകളേ അപേക്ഷിച്ച് ലിനക്‌സ്/യുണിക്‌സ് സെര്‍വ്വറുകള്‍ വളരെ സുരക്ഷിതമാണ്.




No comments:

Post a Comment