Friday, February 3, 2012

ലീനക്‌സിലും വൈറസ്‌




 സ്‌റ്റോഗ് (Staog)

  1996 ല്‍ കണ്ടെത്തിയ സ്‌റ്റോഗ് ആണ് ആദ്യത്തെ ലിനക്‌സ് വൈറസ്. ലിനക്‌സിന്റെ സുരക്ഷാ ഭിത്തികളെയൊക്കെ ഭേദിച്ച് കടന്നു കൂടാന്‍ സ്‌റ്റോഗിന് കഴിഞ്ഞു എന്നതാണ് സത്യം. ലീനക്‌സ് കെര്‍ണലില്‍ ഉണ്ടായിരുന്ന ചില സുരക്ഷാപിഴവുകളാണ് ഈ വൈറസ് ഉപയോഗപ്പെടുത്തിയത്. VLAD എന്ന ആസ്‌ട്രേലിയന്‍ ഹാക്കിംഗ് ഗ്രൂപ്പാണ് സ്‌റ്റോഗ് വൈറസ് പ്രോഗ്രാം തയ്യാറാക്കിയത്. കാര്യമായ കുഴപ്പങ്ങളൊന്നും വരുത്തിവക്കാനായില്ലെങ്കിലും, ലീനക്‌സ് വൈറസുകള്‍ക്കതീതമാണെന്ന മിഥ്യാ ധാരണ തിരുത്താന്‍ സ്‌റ്റോഗിനു കഴിഞ്ഞു. വളരെപ്പെട്ടന്നു തന്നെ ജാഗരൂകരായ ലീനക്‌സ് സമൂഹം സ്‌റ്റോഗ് ഭീഷണിയെ പ്രതിരോധിച്ചു.




ബ്ലിസ് വൈറസ്
 
1997 ല്‍ കണ്ടെത്തിയ ഒരു പ്രമുഖ ലിനക്‌സ് വൈറസ് ആണ് ബ്ലിസ് . ആരാണ് ബ്ലിസ് പ്രോഗ്രാമിനു പിന്നില്‍ എന്ന് വ്യക്തമായി അറിവില്ലെങ്കിലും, വെറും ഒരു കൗതുകത്തിനപ്പുറമുള്ള ലക്ഷ്യങ്ങളൊന്നും ഇതിനുണ്ടായിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. ലീനക്‌സിനകത്ത് കയറിക്കൂടാനായെങ്കിലും ലീനക്‌സിലെ യൂസര്‍ പ്രിവിലേജിലുള്ള പ്രത്യേകതകള്‍ കാരണം പടര്‍ന്നു പിടിക്കാന്‍ ബ്ലിസ്സിനു കഴിഞ്ഞില്ല. പ്രമുഖ ആന്റിവൈറസ് നിര്‍മാതാക്കളായ മക്കഫീ 1997 ഫെബ്രുവരി 5 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ, തങ്ങളാണ് ബ്ലിസ് വൈറസിനെ കണ്ടെത്തിയതെന്ന് അവകാശപ്പെട്ടു. പക്ഷേ 1996 സപ്തംബറില്‍ തന്നെ ബ്ലിസ്സിന്റെ ആല്‍ഫാ പതിപ്പ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി യൂസ്‌നെറ്റ് ഗ്രൂപ്പില്‍ ലഭ്യമാക്കിയിരുന്നു. 


 ലീനക്‌സ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റിലൂടെ കളികളില്‍ ഏര്‍പ്പെട്ടതാണ് ബ്ലിസ്സിന്റെ കടന്നു കയറ്റത്തിനു കാരണം എന്ന് മക്കഫീ അനുമാനിക്കുന്നു (പ്രധാനമായും ഡൂം എന്ന കളി). ഇത്തരം കളികള്‍ക്കായി റൂട്ട് യൂസര്‍ പ്രിവിലേജ് ആവശ്യമായിരുന്നു. എക്‌സിക്യൂട്ടബിള്‍ ഫയലുകളെ ആക്രമിച്ച് അവയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു ബ്ലിസ് ചെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് മക്കഫീ ആദ്യത്തെ ലിനക്‌സ് വൈറസ് സ്‌കാനര്‍ പ്രോഗ്രാം തയ്യാറാക്കുകയും സൗജന്യമായി വിതരണം ചെയ്യുകയുമുണ്ടായി. 

 കൈടെനും റെക്‌സോബും (ലിനക്‌സ് ട്രോജന്‍ വൈറസ്സുകള്‍)

2006 ഫെബ്രുവരി 14 നു കണ്ടെത്തിയ ലിനക്‌സ് ട്രോജന്‍ വൈറസ് ആണ് കൈടെന്‍. ഉപയോക്താക്കളെ കബളിപ്പിച്ച് കടന്നു കൂടി തുടര്‍ ആക്രമണങ്ങള്‍ക്കു പഴുതുകള്‍ തുറക്കുന്ന വൈറസ് ആയിരുന്നു കൈടെന്‍. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ക്കു മേല്‍ വിദൂര നിയന്ത്രണത്തിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വ്വീസിലൂടെ വെബ് സെര്‍വ്വറുകളെ താറുമാറാക്കാനും ഒക്കെ കഴിയുമായിരുന്നു. 2007 ജൂലായില്‍ ആണു റെക്‌സോബ് ട്രോജനെ കണ്ടെത്തിയത്. കൈടെന്നിനു സമാനമായ സ്വഭാവ സവിശേഷതകള്‍ തന്നെയായിരുന്നു റെക്‌സോബിനും

 എസ്/ബി ബാഡ് ബണ്ണി
 
2007ല്‍ ഓപ്പണ്‍ ഓഫീസ് ഓര്‍ഗ് അപ്ലിക്കേഷനിലെ ഒരു സുരക്ഷാപഴുതിലൂടെ പരന്ന മള്‍ട്ടി പ്ലാറ്റ്‌ഫോം വൈറസ് ആണ് ബാഡ് ബണ്ണി. ലിനക്‌സിനെയും മാക്കിനേയും വിന്‍ഡോസിനേയും ഈ വൈറസ് ബാധിക്കുകയുണ്ടായി. ഇന്റര്‍നെറ്റ് റിലേ ചാറ്റ് പ്രോഗ്രാമുകളായ mIRC , X-Chat തുടങ്ങിയവയിലൂടെയായിരുന്നു ഈ വൈറസ് സംക്രമിച്ചിരുന്നത്. 


 സ്‌ക്രീന്‍ സേവര്‍ വൈറസ് 
 
2009-ല്‍ വാട്ടര്‍ ഫാള്‍ എന്ന സ്‌ക്രീന്‍ സേവറിന്റെ പേരില്‍ ഉബുണ്ടു ലീനക്‌സില്‍ കടന്നു കൂടിയ ട്രോജന്‍ വൈറസാണ് സ്‌ക്രീന്‍ സേവര്‍ വൈറസ്. ഈ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ വെബ്‌സൈറ്റുകളെ തകര്‍ക്കാനുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വ്വീസ് ആക്രമണങ്ങള്‍ക്കായുള്ള കണ്ണികളായി പ്രവര്‍ത്തിക്കുമായിരുന്നു. അനേകായിരം കമ്പ്യൂട്ടറുകള്‍ ഒരേ സമയം ഒരു സെര്‍വ്വറിലേയ്ക്ക് ഡാറ്റാ പായ്ക്കറ്റുകള്‍ അയച്ച് ഓവര്‍ ലോഡാക്കുന്ന തന്ത്രമാണ് ഡിനൈല്‍ ഓഫ് സര്‍വ്വീസ്. ഈ വൈറസ് mmowned.com എന്ന സൈറ്റിനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയായിരുന്നു ഉണ്ടാക്കിയത്. പക്ഷേ തക്ക സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനായതിനാല്‍ വൈറസിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 


 കൂബ് ഫേസ് വൈറസ്
 
കൂബ് ഫേസ് എന്ന ക്രോസ് പ്ലാറ്റ്‌ഫോം വൈറസിന്റെ ആദ്യ പതിപ്പുകള്‍ വിന്‍ഡോസിനെയും മാക്കിനേയും ആയിരുന്നു ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു പതിപ്പ് ലിനക്‌സ് ലിനക്‌സിനെയും നോട്ടമിട്ടു. സൗഹൃദക്കൂട്ടായ്മകളിലൂടെ 'Is it you in this video?' എന്ന പേരില്‍ ലഭിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ക്ലിക് ചെയ്യുന്നവര്‍ ഒരു വ്യാജ യൂ ട്യൂബ് പേജില്‍ എത്തപ്പെടുകയും പ്രസ്തുത പേജില്‍ കാണുന്ന വീഡിയോ തംബ്‌നെയിലില്‍ അമര്‍ത്തിയാല്‍ ഒരു ജാവ അപ്‌ലെറ്റ് തുറക്കപ്പെടുകയും ചെയ്യുന്നു. ക്രോസ് പ്ലാറ്റ്‌ഫോം അപ്ലിക്കേഷനായ ജാവയിലെ 'റിമോട്ട് കോഡ് എക്‌സിക്യൂഷന്‍' എന്ന സുരക്ഷാപഴുത് മുതലെടുത്ത് കമ്പ്യൂട്ടറിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടൂകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന വൈറസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പ്രസ്തുത അക്കൗണ്ടുകളിലെ സൗഹൃദക്കണ്ണികളിലൂടെ മറ്റു കമ്പ്യൂട്ടറുകളിലേയ്ക്ക് പകരുന്നു. മാത്രമല്ല വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ വിദൂരനിയന്ത്രിത കമ്പ്യൂട്ടര്‍ ശൃംഖലകളുടെ കണ്ണികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 


 ഈ വൈറസ് കൂബ്‌ഫേസിന്റെ ഒരു പതിപ്പാണെന്നും അതല്ല പുതിയ ഒരു വൈറസ് ആണെന്നുമൊക്കെയുള വാദങ്ങള്‍ നിലനില്‍ക്കുന്നു. പ്രമുഖ സെക്യൂരിറ്റി സോഫ്ട്‌വേര്‍ നിര്‍മാതാക്കളായ സിമന്റ്‌ടെക് ഇതിനെ Trojan.Jnanabot എന്ന പേരിലാണ് കണ്ടെത്തിയിരിക്കുന്നത്.

 വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളെ വളരെ ഗുരുതരമായി ബാധിച്ച ഈ വൈറസിന് ലിനക്‌സില്‍ കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കാരണം വൈറസ് ലിനക്‌സ് യൂസറുടെ ഹോം ഡയറക്ടറിയിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടാലും കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുന്നതുവരെ മാത്രമേ പ്രവര്‍ത്തനശേഷി ഉണ്ടായിരുന്നുള്ളു. അതായത് കൂബ്‌ഫേസിന്റെ പ്രവര്‍ത്തനം ലീനക്‌സില്‍ താത്കാലികം മാത്രമായിരുന്നു. ഇതുകൊണ്ടു തന്നെ കൂബ് ഫേസ് പ്രോഗ്രാമര്‍ യഥാര്‍ത്ഥത്തില്‍ ലീനക്‌സിനെ ലക്ഷ്യമാക്കിയിരുന്നില്ലെന്നും അങ്ങിനെ ആയിരുന്നെങ്കില്‍ ഒരു സ്റ്റാര്‍ട്ട് അപ് എന്‍ട്രി കൂടി വൈറസ് കോഡിനോടു ചേര്‍ക്കുക വലിയ വിഷമകരമായ ജോലി ആയിരുന്നില്ലെന്നും ജാവ എന്ന ക്രോസ് പ്ലാറ്റ് ഫോം അപ്ലിക്കേഷന്റെ പ്രത്യേകത കൊണ്ടു മാത്രം ലീനക്‌സിനെ ബാധിച്ചതാകാം എന്നും വിലയിരുത്തപ്പെടുന്നു. ജനപ്രിയ ഗ്‌നു ലീനക്‌സ് പതിപ്പുകളാണ് ഈ വൈറസിന് ഇരയായത്.

No comments:

Post a Comment