Thursday, February 2, 2012

ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നു

യൂസറെ സംബന്ധിച്ച് അയാളുടെ അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ എല്ലാ സംഗതികളെയും ചിട്ടപ്പെടുത്താനും സുഹൃത്തുക്കളുമായി പങ്കിടാനും അവസരമൊരുക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കിനെ വികസിപ്പിക്കുന്ന നടപടി ആരംഭിച്ചു. അതിന്റെ തുടക്കമെന്ന നിലയ്ക്ക് 60 ആപ്‌സ് (Apps) ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു.

സിനിമകള്‍ മുതല്‍ പുസ്തകങ്ങള്‍ വരെയും, പാചകം മുതല്‍ ഫാഷന്‍ വരെയുമുള്ള സംഗതികളെ ക്രമത്തില്‍ അടുക്കി സൂക്ഷിക്കാനും, ഫെയ്‌സ്ബുക്കിലെ പുതിയ പ്രൊഫൈല്‍ രൂപമായ ടൈംലൈനില്‍ ചേര്‍ക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ആപ്‌സ്. 'നിങ്ങള്‍ക്കിഷ്ടമുള്ള എന്തും, എന്തു കഥയാണ് നിങ്ങള്‍ പറയാനാഗ്രഹിക്കുന്നതെങ്കിലും, അതൊക്കെ നിങ്ങള്‍ക്ക് ടൈംലൈനില്‍ ചേര്‍ക്കാം'-ഫെയ്‌സ്ബുക്കിലെ പ്ലാറ്റ്‌ഫോം പ്രോഡക്ട്‌സ് മേധാവി കാള്‍ ജ്യോഗ്രീന്‍ പറഞ്ഞു.


ഫുഡ്‌സ്‌പോട്ടിങ് (Foodspotting), റോട്ടന്‍ ടൊമാറ്റോസ് (Rotten Tomatoes), പിന്റെറെസ്റ്റ് (Pinterest), ട്രിപ്പ് അഡൈ്വസര്‍ (TripAdvisor), ഇ-റീഡര്‍ കോബോ (Kobo) തുടങ്ങിയ കമ്പനികള്‍ രൂപപ്പെടുത്തിയ ആപ്‌സുകളും, ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ ആപ്‌സുകളുടെ ആദ്യഗ്രൂപ്പില്‍ പെടുന്നു. ഡെവലപ്പര്‍മാര്‍ ആയിരക്കണക്കിന് പുതിയ ആപ്‌സുമായി രംഗത്തെത്തുമെന്നാണ് ഫെയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്. 



ഫെയ്‌സ്ബുക്ക് ആപ്‌സിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നറിയാന്‍ ഇ-റീഡറായ കോബോയുടെ ആപ്‌സ് ഉദാഹരണത്തിനെടുക്കുക. ആ ഇ-റീഡറുപയോഗിച്ച് ഒരു പുസ്തകം വായിക്കുമ്പോള്‍, ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കായി പങ്കിടേണ്ട ഒരു ഭാഗം കണ്ടെന്നിരിക്കട്ടെ. അത് ഹൈലൈറ്റ് ചെയ്യാം. അത് ഫെയ്‌സ്ബുക്കിലെത്തും.

നിങ്ങള്‍ വായിച്ചു തീര്‍ത്ത ബുക്കുകളും വായിക്കാന്‍ തുടങ്ങിയ ബുക്കുകളും ഓട്ടോമാറ്റിക് ആയി കൊബോ ആപ്‌സ് ട്രാക്കു ചെയ്യുകയും, അതേ ബുക്കുകള്‍ വായിച്ചവരുമായി ബന്ധം സ്ഥാപിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. പുസ്തകങ്ങള്‍ ഇതുവഴി ഒരു സോഷ്യല്‍ അനുഭവമായി മാറുകയാണ് ചെയ്യുക.


ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഗാനമോ, വായിച്ചുകൊണ്ടിരിക്കുന്ന ലേഖനമോ ഇത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കിടാന്‍ ആപ്‌സുകള്‍ അവസരമൊരുക്കും.


ഇത്തരം പ്രവര്‍ത്തനത്തെ 'ഫ്രിക്ഷന്‍ലെസ് ഷെയറിങ്' (frictionless sharing) എന്നാണ് ടെക് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നുവെച്ചാല്‍, ഒരാള്‍ ആപ്‌സിലേക്ക് സൈന്‍ അപ് ചെയ്താല്‍ ഓട്ടോമാറ്റിക്കായി തന്നെ നിങ്ങളുടെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കപ്പെടും.

No comments:

Post a Comment